ജലജീവൻ മിഷന് 5842.79 കോടിയും തദ്ദേശ വിഹിതം; പിറകോട്ടടിച്ച് പഞ്ചായത്തുകൾ
text_fieldsപെരിന്തൽമണ്ണ: തദ്ദേശ സ്ഥാപനങ്ങൾ നൽകേണ്ട വിഹിതം ഏകീകരിക്കാനോ കുറക്കാനോ നടപടിയാകാത്തതിനാൽ കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി ഇഴയുന്നു.406 ഗ്രാമപഞ്ചായത്തുകൾ അഞ്ച് കോടിയിലധികം തദ്ദേശവിഹിതമായി അടക്കണം. പദ്ധതിതുകയുടെ 15 ശതമാനമാണ് തദ്ദേശസ്ഥാപനങ്ങൾ അടക്കേണ്ടത്. 406 തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം വിഹിതം 5842.79 കോടി രൂപയാണ്. ഇത് കുറക്കണമെന്നും വാർഷിക വിഹിതം വളരെ കുറഞ്ഞതിനാൽ പ്രയാസകരമാണെന്നുമാണ് ജലജീവൻ മിഷൻ പദ്ധതി അനുവദിച്ച് കിട്ടിയ തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്.
ഒരുപദ്ധതി തന്നെ രണ്ടോ മൂന്നോ പഞ്ചായത്തുകളിലൂടെ പോകുന്നതിനാൽ അത്രയും പഞ്ചായത്തുകളാണ് വിഹിതമെടുക്കേണ്ടതെന്നാണ് തദ്ദേശസ്ഥാപനങ്ങളോട് സർക്കാർ അറിയിച്ചത്.ഓരോ പ്രദേശത്തെയും പദ്ധതി, പ്രദേശം, എസ്റ്റിമേറ്റ് തുക എന്നിവയും അതിന്‍റെ ഗുണഭോക്തൃ മേഖലയിലെ തദ്ദേശ സ്ഥാപനങ്ങൾ എന്നിവയും സംബന്ധിച്ച് തദ്ദേശ വകുപ്പ് വിശദാംശങ്ങൾ എടുത്തു.സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കലാണ് ജലജീവൻ മിഷൻ ലക്ഷ്യം. പദ്ധതിക്ക് വാട്ടർ ടാങ്കുകളും ശുചീകരണ പ്ലാൻറുകളും സ്ഥാപിക്കാൻ വേണ്ട ഭൂമിയുടെ വിവരങ്ങൾ, പദ്ധതി വരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ജല അതോറിറ്റി നൽകിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ വേണ്ടി മാത്രം പഞ്ചായത്തുകൾ വൻ തുക വകയിരുത്തണം.
സംസ്ഥാനത്ത് 61.87 കോടിയാണ് പ്രാഥമികമായി ചെലവായി കണക്കാക്കിയത്. സ്ഥലം സൗജന്യമായി കിട്ടുമോ എന്ന് നോക്കാനാണിപ്പോൾ തദ്ദേശ സ്ഥാപനങ്ങളോടുള്ള നിർദേശം.സംസ്ഥാനത്ത് 70,68,652 കുടുംബങ്ങൾക്കാണ് ജലജീവൻമിഷൻ വഴി വെള്ളം നൽകേണ്ടത്. 38,351.98 കോടി രൂപയാണ് ഇതിന് ഭരണാനുമതിയായത്.ഇതിൽ തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം വിഹിതമാണ് 5842.79 കോടി. ഇവക്ക് പുറമെ 3895.19 കോടി രൂപ കുടുബങ്ങളിൽനിന്ന് പിരിവെടുത്തും മറ്റുമായി ഗുണഭോക്തൃ വിഹിതം കണ്ടെത്തണം.
വമ്പിച്ച ബാധ്യതയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് വരുന്നത് എന്നതിനാൽ ഭരണാനുമതിയായ തദ്ദേശ സ്ഥാപനങ്ങൾ കഴിഞ്ഞ ഒരുവർഷമായി സർക്കാറിനോട് ആവശ്യപ്പെടുന്നത് പഞ്ചായത്തുകൾ നേരിട്ട് നൽകേണ്ട വിഹിതം കുറക്കണമെന്നാണ്.പദ്ധതിയിൽ ഒാരോ പഞ്ചായത്തും ശരാശരി പത്തുകോടി രൂപ മുടക്കേണ്ടതുണ്ടെന്നാണ് തദ്ദേശ വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.ബഹുവർഷ പദ്ധതിയായി നീളുന്നതിനാൽ ഗഡുക്കളായി നൽകാം. അതേസമയം, തയാറാക്കിയ എസ്റ്റിമേറ്റ് കൂടുതലാണെന്നും പുനഃപരിശോധിക്കേണ്ടതുണ്ടെങ്കിൽ ചെയ്യണമെന്നും തദ്ദേശ വകുപ്പ് നിർദേശിച്ചു.സംസ്ഥാന വിഹിതം കൂട്ടൽ, ബ്ലോക്ക്- ജില്ല പഞ്ചായത്തുകളുടെ വിഹിതം ഉൾപ്പെടുത്തൽ എന്നിവയും ആരായുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.