ചുവപ്പൻ ജയത്തോടെ ജംഷീനയുടെ കിക്കോഫ്
text_fieldsമലപ്പുറം: ഭർതൃപിതാവിെൻറ പകരക്കാരിയായി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ദേശീയ ഫുട്ബാൾ താരം ജംഷീന ഇനി മലപ്പുറം നഗരസഭ കൗൺസിലർ. സി.പി.എം സ്ഥാനാർഥിയായി 13ാം വാർഡ് കാളമ്പാടിയിൽനിന്ന് 119 വോട്ടിനാണ് ഏഴുവര്‍ഷം കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ ഡിഫൻഡർ ജയിച്ചുകയറിയത്.
മുസ്ലിം ലീഗിെൻറ കുത്തക വാർഡ് കഴിഞ്ഞ പ്രാവശ്യം ജംഷീനയുടെ ഭർതൃപിതാവ് യു.പി. മജീദ് പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫിെൻറ ശക്തമായ പ്രചാരണങ്ങൾക്ക് മുന്നിൽ പ്രതിരോധക്കോട്ട തീർത്ത ജംഷീന മുമ്പ് ഒരുതവണ വാർഡിനെ പ്രതിനിധാനം ചെയ്ത റസിയ അബ്ദുവിനെയാണ് പരാജയപ്പെടുത്തിയത്. 2016ൽ സംസ്ഥാനം ആതിഥ്യമരുളിയ ദേശീയ ഗെയിംസിൽ കേരളനിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. സഹോദരി ഷെമിനാസും ടീമിലുണ്ടായിരുന്നു.
ആ വർഷം സംസ്ഥാനത്തെ മികച്ച സീനിയർ വനിത ഫുട്ബാൾ താരമായും തിരഞ്ഞെടുക്കപ്പെട്ടു ജംഷീന. പരപ്പനങ്ങാടി ആനങ്ങാടിയിലെ പാണ്ടി വീട്ടിൽ സിദ്ദീഖ്-ജമീല ദമ്പതികളുടെ മകളാണ്. 2019 മാർച്ചിൽ ഉരുണിയൻ പറമ്പിൽ ഷമീംസാദിെൻറ ഭാര്യയായാണ് ജംഷീന മലപ്പുറത്തെത്തുന്നത്.
മകൾ: ദുആ മെഹക്. അതേസമയം, പറപ്പൂർ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡായ ആസാദ് നഗറിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടിയ മുൻ ഐലീഗ്-സന്തോഷ് ട്രോഫി താരം കെ.പി. സുബൈർ പരാജയപ്പെട്ടു. അബ്ദുൽ കബീർ മാസ്റ്ററോട് 68 വോട്ടിനായിരുന്നു തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.