എൽ.ഡി.എഫ് കൺവീനറുടെ പ്രസ്താവനക്കെതിരെ ജനകീയ ഹോട്ടൽ ആക്ഷൻ കൗൺസിൽ
text_fieldsമലപ്പുറം: യു.ഡി.എഫോ ബി.ജെ.പിയോ നിർദേശിച്ചിട്ടല്ല കേരളത്തിൽ ജനകീയ ഹോട്ടലുകൾ തുടങ്ങി 20 രൂപക്ക് ജനങ്ങൾക്ക് ഊൺ കൊടുത്തതെന്നും സി.പി.എം നേതൃത്വം നൽകുന്ന സർക്കാർ പറഞ്ഞിട്ടാണ് ഈ പരിപാടി നടത്തിയതെന്നും ജനകീയ ഹോട്ടൽ ആക്ഷൻ കൗൺസിൽ. ബാഹ്യശക്തികളുടെ പ്രേരണയാലാണ് ഞങ്ങൾ സമരം നടത്തിയത് എന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പ്രസ്താവന. ഇത് മുറിവിൽ മുളക് പുരട്ടുന്നതിന് സമാനമായി മാറിയെന്നും ജനകീയ ഹോട്ടൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. 20 രൂപക്ക് ഊൺ കൊടുക്കാൻ പറഞ്ഞ സർക്കാറിനോട് അതിനുവേണ്ടി സർക്കാർ വാഗ്ദാനം ചെയ്ത പണം ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിനും പോയത്.
ബാഹ്യശക്തികളുടെ പ്രേരണയാൽ അല്ല സമരം ചെയ്തത്. വനിതകളുടെ സ്വന്തം ശക്തിയുടെ പിൻബലത്താലാണെന്നും അവർ പറഞ്ഞു. കോടികൾ ചെലവഴിച്ച് കേരളീയം ആഘോഷിച്ചു തിമർത്ത തിരുവനന്തപുരത്ത് അതിന്റെ പിറ്റേന്നുതന്നെ വിശപ്പുരഹിത കേരളത്തിനുവേണ്ടി ചോറു വിളമ്പിയതിന്റെ പണം ചോദിച്ച് സമരം നടന്നത് സംസ്ഥാന സർക്കാറിന് നാണക്കേട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ഈ നാണക്കേട് ഞങ്ങളായിട്ട് വരുത്തി വെച്ചതല്ലെന്നും സർക്കാർ ഇരന്നു വാങ്ങിയതാണെന്നും ആക്ഷൻ കൗൺസിൽ ചെയർമാൻ പറമ്പൻ ലക്ഷ്മിയും കൺവീനർ സി.എച്ച്. സൈനബയും പറഞ്ഞു. ലഭിക്കാനുള്ള പണം വൈകിയാൽ കടുത്ത നടപടികളിലേക്ക് പോകുമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.