തീരദേശ യുവജനങ്ങൾക്ക് ഉദ്യോഗങ്ങളിലേക്ക് വാതിൽ തുറന്ന് ജനമൈത്രി പൊലീസ്
text_fieldsതാനൂർ: താനൂരിലെ അഭ്യസ്ത വിദ്യരായ യുവതീയുവാക്കൾക്ക് വിവിധ സേന വിഭാഗങ്ങളിലേക്കും ഇതര സർക്കാർ ഉദ്യോഗങ്ങളിലേക്കുമുള്ള വാതിൽ തുറക്കാൻ പ്രത്യേക പരിശീലന പദ്ധതിയുമായി താനൂരിലെ ജനമൈത്രി പൊലീസ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിന്നിരുന്ന തീരദേശ മേഖലയുടെ മുന്നേറ്റത്തിന് ഗതിവേഗം പകരാൻ സഹായകമായ പരിശീലന പദ്ധതിയാണ് ‘ഇൻസൈറ്റ്’ പേരിൽ നടപ്പാക്കുന്നത്. മുമ്പ് തിരൂരിൽ സമാനമായ പദ്ധതി നടത്തിയതിലൂടെ എട്ടുപേരെ വിവിധ സേന വിഭാഗങ്ങളിലേക്കെത്തിക്കാൻ സാധിച്ചിരുന്നു.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം താനൂർ വ്യാപാര ഭവനിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സൽമത്ത് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി സുജിത് ദാസ് മുഖ്യപ്രഭാഷണം നടത്തി. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി പദ്ധതി വിശദീകരിച്ചു. പരിശീലനം നേടാൻ ആഗ്രഹിക്കുന്ന 17 വയസ്സ് മുതലുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമുള്ള രജിസ്ട്രേഷൻ പരിപാടിയോടനുബന്ധിച്ച് നടന്നു.
ഓൺലൈൻ ആയും രജിസ്ട്രേഷൻ സ്വീകരിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്റർ ചെയ്തവർക്കുള്ള കായിക പരിശീലനം താനൂർ ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ ആറുമുതൽ എട്ടുവരെയും എഴുത്തു പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം വൈകീട്ട് ആറുമുതൽ എട്ടുവരെയും സ്കൂളിലുമായിരിക്കും നടക്കുക. ഇൻസൈറ്റ് പദ്ധതി പ്രധാനമായും തീരദേശ മേഖലയിൽ നിന്നുള്ളവരെ ലക്ഷ്യം വെച്ചാണെങ്കിലും സമീപപ്രദേശങ്ങളിൽ നിന്നുള്ള തൽപരരായവർക്കും പങ്കെടുക്കാവുന്നതാണെന്നും തീർത്തും സൗജന്യമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി വിശദീകരിച്ചു.
പരിപാടിയിൽ നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായിൽ, ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി, ഇ. ജയൻ, എം.പി. അഷ്റഫ്, യു.കെ. അഭിലാഷ്, ടി. അറമുഖൻ, ഒ.കെ. ബേബി ശങ്കർ, കെ.കെ. ബാലകൃഷ്ണൻ, എൻ.എൻ. മുസ്തഫ കമാൽ, പി. സുരേഷ്, പി. ഹരിദാസ്, വി. കാദർകുട്ടി, കെ. ഹനീഷ്, എ.പി. സിദ്ദീഖ്, ഹംസു മേപ്പുറത്ത്, പി.കെ. രാജു മോഹൻ, വി. സുരേഷ് നായർ, അഫ്സൽ കെ. പുരം എന്നിവർ സംസാരിച്ചു. സബ് ഇൻസ്പക്ടർ അബ്ദുൽ ജലീൽ കറുത്തേടത്ത് സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.