നവകേരളത്തിനായി ൈകകോർത്ത്
text_fieldsനവകേരള സദസ്സിനെ ജനം നെഞ്ചേറ്റി -മുഖ്യമന്ത്രി
താനൂർ: നവകേരള സദസ്സിനെ കേരളത്തിലെ ജനം പൂർണമായി നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂർ ഉണ്ണിയാൽ സ്റ്റേഡിയത്തിൽ താനൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മഞ്ചേശ്വരം മുതൽ വൻ ബഹുജന പങ്കാളിത്തമാണ് സദസ്സിന് ലഭിക്കുന്നത്. ഇതിലുള്ള ഭീതിയാണ് ചിലരെ പരിപാടി ബഹിഷ്കരിക്കാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ സർക്കാർ വികസനങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന നവകേരള സദസ്സിനെ ജനം ആവേശപൂർവം സ്വീകരിക്കുകയാണ്. രാജ്യത്തെ ജനങ്ങളെ ശിഥിലീകരിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി പോരാടും. മതനിരപേക്ഷത സംരക്ഷിച്ചുകൊണ്ട് പ്രവർത്തിക്കും. ജനങ്ങളുടെ പൂർണ പിന്തുണയിലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ സംസാരിച്ചു. താനൂർ മണ്ഡലം നോഡൽ ഓഫിസർ പ്രീതി മേനോൻ സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർപേഴ്സൻ മല്ലിക നന്ദിയും പറഞ്ഞു.
കേന്ദ്രസർക്കാർ നടപടികളെ വിമർശിക്കുമ്പോൾ യു.ഡി.എഫ് എന്തിന് വിഷമിക്കുന്നു -മുഖ്യമന്ത്രി
തിരൂർ: കേന്ദ്രസർക്കാറിന്റെ നടപടികളെ വിമർശിക്കുമ്പോൾ അതിൽ യു.ഡി.എഫിന് എന്താണ് വിഷമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്ക് നിരാസമുണ്ടാവുമോ എന്ന ശങ്ക യു.ഡി.എഫിന് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടന്ന തിരൂർ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിന്റെ പ്രത്യേക ഉത്തരവിലൂടെ ജോലി ലഭിച്ച ഭിന്നശേഷിക്കാരനായ കബാബ് ബീരാൻ ഫലകം നൽകി മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പ്രഭാത സദസ്സിൽ പങ്കെടുക്കുന്നവരെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ തുടങ്ങിയാൽ നവകേരള സദസ്സ് തിരുവനന്തപുരത്തെത്തുമ്പോൾ എത്ര പേരെ പുറത്താക്കാമെന്ന് കണ്ടറിയാമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്മുണ്ടം- ബൈപാസ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതായും റിയാസ് അറിയിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ എന്നിവർ സംസാരിച്ചു.
മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, വീണ ജോർജ്, ആർ. ബിന്ദു, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, പി. പ്രസാദ്, അഹമ്മദ് ദേവർകോവിൽ, ജെ. ചിഞ്ചു റാണി, വി. അബ്ദുറഹിമാൻ, വി. ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ സന്നിഹിതരായിരുന്നു. സംഘാടക സമിതി ചെയർമാൻ അഡ്വ. യു. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എസ്. ഷീജ സ്വാഗതവും നോഡൽ ഓഫിസർ അജിത് സാം ജോസഫ് നന്ദിയും പറഞ്ഞു.
കരിങ്കൊടി പ്രതിഷേധം: അഞ്ചുപേരെ കരുതൽ തടങ്കലിലാക്കി
തിരൂർ: രാവിലെ പൊന്നാനിയിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി.
തൃപ്രങ്ങോട് മണ്ഡലം പ്രസിഡന്റ് ചെമ്മല അഷ്റഫ്, മുഹമ്മദലി, എസ്.പി. മണികണ്ഠൻ, കബീർ ചമ്രവട്ടം, റിയാസ് പെരുന്തല്ലൂർ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. തലക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ. സിദ്ദീഖിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നീട് അറസ്റ്റ് ചെയ്ത സിദ്ദീഖിനെ രാത്രിയോടെ ജാമ്യത്തിൽ വിട്ടു.
തിരൂരിലെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ നടന്ന കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന് ജില്ല, മണ്ഡലം നേതാക്കൾ നേതൃത്വം നൽകി. കെ.ജി പടിയിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ഷാജി പച്ചേരി, ഡി.സി.സി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല, തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഷ്റഫ് ആളത്തിൽ, തിരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിജയൻ ചെമ്പഞ്ചേരി, യൂത്ത് കോൺഗ്രസ് തിരൂർ മണ്ഡലം പ്രസിഡന്റ് റിഷാദ് വെളിയംപാട്ട്, താജുദ്ധീൻ കീഴേടത്തിൽ, കാദർ കോരങ്ങത്ത്, എ.കെ. മുസ്തഫ, ഷഫീക്ക്, അസ്ലം വാക്കാട് എന്നിവർ നേതൃത്വം നൽകി.
പ്രതിപക്ഷം പരിഹസിക്കുന്നത് മറ്റു വിഷയങ്ങളില്ലാത്തതിനാൽ
പൊന്നാനി: മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് നവകേരള സദസ്സിനെ അശ്ലീല സദസ്സെന്ന് പ്രതിപക്ഷം പരിഹസിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നാനിയിൽ നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവകേരള സദസ്സിന് ലഭിക്കുന്ന വൻ പങ്കാളിത്തം കണ്ട് വിറളി പൂണ്ടാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. എന്നാൽ, ഇതെല്ലാം പൊതുജനം തള്ളിക്കളയുകയാണ്. ഇതിന് മികച്ച ഉദാഹരണമാണ് പതിനായിരങ്ങളുടെ പങ്കാളിത്തം.
സർവതല സ്പർശിയായ, സാമൂഹികനീതിയിൽ അധിഷ്ഠിതമായ വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. എല്ലാ മേഖലയിലും കേരളം മികവോടെ മുന്നോട്ടുപോകുന്നുണ്ടെങ്കിലും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. 57,000ത്തിലധികം കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ഇത്തരത്തിൽ പണം തടഞ്ഞുവെച്ച് കേരളത്തെ പിറകോട്ടടിപ്പിക്കുന്ന സാഹചര്യത്തിലും കേരളം തളരാതെ മുന്നോട്ടുപോകുന്നതിന്റെ തെളിവാണ് നവകേരള സദസ്സിന് ലഭിക്കുന്ന ബൃഹത്തായ ജനപിന്തുണ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയും താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജുകളിൽ വരെ സൂപ്പർ സ്പെഷാലിറ്റി സൗകര്യം ഒരുക്കിയും വിപുലമായ അടിസ്ഥാന സൗകര്യമാണ് ആരോഗ്യ മേഖലയിൽ നടപ്പാക്കിയത്.
കോവിഡ് കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ വൈഷമ്യം നേരിട്ടപ്പോൾ ഓക്സിജൻ ബെഡ്, ഐ.സി.യു ബെഡ്, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സജ്ജമായിരുന്നു. ഇത് ആർദ്രം മിഷൻ ശാക്തീകരിച്ച് നേടിയെടുത്തതാണ്. കോവിഡ് ബാധിതരെ മുഴുവൻ സൗജന്യമായി സംസ്ഥാനം ചികിത്സിച്ചു. കഴിഞ്ഞ ഏഴര വർഷമായി 10 ലക്ഷത്തിലധികം വിദ്യാർഥികൾ സർക്കാർ സ്കൂളിൽ വർധിച്ചു. പൊതുവിദ്യാലയങ്ങളുടെ സ്വീകാര്യതയും വർഷംതോറും കൂടിവരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാധാകൃഷ്ണൻ, പി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. മറ്റു മന്ത്രിമാർ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ചീഫ് സെക്രട്ടറി വി. വേണു തുടങ്ങിയവരും സംബന്ധിച്ചു. നോഡൽ ഓഫിസറും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായ പി.കെ. രഞ്ജിനി സ്വാഗതവും പൊന്നാനി തഹസിൽദാർ കെ.ജി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
മുഖ്യമന്ത്രി അറിയാൻ; ഇവിടെ ഒരു റോഡുണ്ടായിരുന്നു
വള്ളിക്കുന്ന്: വർഷങ്ങൾക്ക് മുമ്പ് കടൽ കവർന്നെടുത്ത അരിയല്ലൂർ പരപ്പാൽ ബീച്ചിലെ ടിപ്പു സുൽത്താൻ റോഡ് നിർമാണം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു. റോഡ് പുനർനിർമിക്കാനോ കടൽഭിത്തി ഒരുക്കി സംരക്ഷണം നൽകാനോ അധികൃതർ തയാറാവുന്നില്ല. വർഷങ്ങളായി തുടരുന്ന കടലാക്രമണത്തിലാണ് തെങ്ങുകൾ ഉൾപ്പെടെ തീരവും തീരദേശ റോഡും കടൽ കൊണ്ടുപോയത്.
പ്രദേശത്ത് പുലിമുട്ടോ കടൽ ഭിത്തിയോ നിർമിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ അധികൃതരുടെ മുന്നിൽ കൈ നീട്ടാറുണ്ട്. എന്നാൽ, തീരത്തെ ആമവളർത്തു കേന്ദ്രത്തിൽ എത്തുന്ന കടലാമയുടെ പേരിൽ സുരക്ഷ ഭിത്തികൾ നിർമിക്കാൻ നടപടി ഉണ്ടായില്ല. ശക്തമായ കടലാക്രമണത്തിൽ തീരവും 240 മീറ്റർ നീളത്തിൽ ടിപ്പു സുൽത്താൻ റോഡും പൂർണമായും കടലെടുക്കുകയും കടൽ ക്ഷോഭത്തിൽ വീടുകളിലേക്കും വെള്ളം ഇരച്ചെത്തുകയും ചെയ്തു.
ഇതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ച എം.പി. അബ്ദുസ്സമദ് സമദാനി എം.പി, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവർ കലക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അടിയന്തരമായി സുരക്ഷ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തു.
ജില്ല കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിർദേശം നൽകിയതിനെ തുടർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ജിയോബാഗ് ഉപയോഗിച്ച് താൽക്കാലിക സുരക്ഷയും ഒരുക്കി. എന്നാൽ, വർഷങ്ങളായി ശക്തമായ കടലാക്രമണം തുടരുന്ന അരിയല്ലൂർ പരപ്പാൽ ബീച്ചിൽ നിർമിച്ച ജിയോബാഗ് സംവിധാനവും വിലപ്പോയില്ലെന്ന് മാത്രമല്ല സ്ഥാപിച്ച് മൂന്ന് മാസം കൊണ്ട് തന്നെ വിവിധ ഭാഗങ്ങളിൽ താഴ്ന്നുപോവുകയും ചെയ്തു.
ശക്തമായ തിരമാല ഉള്ളപ്പോൾ കടൽവെള്ളം ജിയോബാഗും മറികടന്ന് കരയിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിയാണ് ഇപ്പോൾ. ശക്തമായ തിരയടി കാരണം മണൽ ഒലിച്ചുപോയും മറ്റും ജിയോബാഗ് പലഭാഗത്തും താഴ്ന്ന നിലയിലാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ കടൽവെള്ളം കരയിലേക്ക് ഇരച്ചെത്തുന്നുമുണ്ട്. പ്രദേശത്ത് പുലിമുട്ട് നിർമിക്കണമെന്നാണ് വർഷങ്ങളായി മത്സ്യത്തൊഴിലാളികളുടെ ആവശ്യം അധികൃതർ ചെവികൊള്ളാതായതോടെയാണ് റോഡ് പൂർണമായും തകരാനിടയാക്കിയത്.
റോഡ് തകർന്നതോടെ ഇവിടെയുള്ളവർ രണ്ട് ഭാഗങ്ങളിലായി. ഇക്കഴിഞ്ഞ ബജറ്റിലും 100 രൂപയുടെ ടോക്കണ്‍ പ്രൊവിഷനിൽ മാത്രമാണ് ഇടം നേടിയത്. കാലവർഷം ശക്തമാകുന്നതിന് മുന്നോടിയായി കടൽഭിത്തി നിർമാണമെങ്കിലും പൂർത്തിയാക്കി കൂടുതൽ ഭാഗം കടലെടുക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമെങ്കിലും അധികൃതർ കണ്ണ് തുറക്കുന്നില്ല.
മുഖ്യമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച് സാമ്പത്തിക തട്ടിപ്പിനിരയായവർ
വേങ്ങര: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചൊവ്വാഴ്ച വേങ്ങരയിലെത്തുമ്പോൾ പറപ്പൂർ കോഓപറേറ്റിവ് സൊസൈറ്റി നടത്തിയ തട്ടിപ്പിൽ നഷ്ടപ്പെട്ട ഒമ്പത് കോടി രൂപ ലഭിക്കാൻ ഇരകൾ ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകും. തട്ടിപ്പിനിരയായ അമ്പതിലധികം പേരാണ് നീതി തേടി നവകേരള സദസ്സിനെത്തുന്നത്. നാലര വർഷത്തെ കാത്തിരിപ്പിനൊടുവിൽ പാർട്ടി നേതൃത്വത്തിന്റെ കനിവ് തേടി അണികൾ ഇറങ്ങുന്നത് പുതുമയുള്ള കാഴ്ചയാകും.
സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂർ വീണാലുക്കൽ റൂറൽ കോഓപറേറ്റിവ് സൊസൈറ്റിയിൽ 2019 ഫെബ്രുവരി 28നാണ് കോടികളുടെ തട്ടിപ്പ് നടന്നത്. തട്ടിപ്പിനെ തുടർന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 600 പവനോളം ആഭരണവും 88 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിരുന്നു. സ്ഥിര നിക്ഷേപത്തിൽനിന്ന് ഏഴ് ലക്ഷവും നഷ്ടപ്പെട്ടു.
സൊസൈറ്റി പ്രസിഡന്റും സി.പി.എം നേതാവുമായ എം. മുഹമ്മദ് വേങ്ങര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ജീവനക്കാരനും ഡി.വൈ.എഫ്.ഐ നേതാവുമായ മൂച്ചിക്കാടൻ ജബ്ബാറിനെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കൂട്ടുപ്രതിയും താൽക്കാലിക ജീവനക്കാരനുമായ ഷഹദ് ഷഹീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പിനിടെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പ്രതികൾ പണയംവെച്ച നാല് കിലോ സ്വർണം കണ്ടെടുത്തിരുന്നു.
മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിനായിരുന്നു അന്വേഷണ ചുമതല. തട്ടിപ്പ് നടന്ന് നാല് വർഷം കഴിഞ്ഞിട്ടും ഇരകൾക്ക് നീതി ലഭിച്ചില്ല. നിയമസഭകളിലടക്കം ശക്തമായ സമ്മർദം വന്നപ്പോൾ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും പാതിവഴിയിൽ നിലച്ചു. സഹകരണ നിയമം 68 (1) പ്രകാരം അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തി 68 (2) വകുപ്പ് പ്രകാരം ഡയറക്ടർമാർ സർചാർജായി 9.4 കോടി രൂപ അടക്കണമെന്ന് ആവശ്യപ്പെട്ട് ഇറങ്ങിയ ഉത്തരവും പാലിക്കപ്പെട്ടില്ല. നഷ്ടപ്പെട്ട പണവും പണ്ടവും തിരികെ ലഭിക്കാൻ പലരും ഉപഭോക്തൃ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയെങ്കിലും നടപ്പായില്ല.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഇരുപതോളം പേർ നീതി തേടി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. സർക്കാറിൽനിന്ന് അനുകൂലമായ നീക്കമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തട്ടിപ്പിന്റെ ഇരകൾ ഇന്ന് നവകേരള സദസ്സിൽ എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.