ജൂനിയർ അത്ലറ്റിക് മീറ്റ്; ട്രാക്കിൽ മിന്നി മലപ്പുറം പട
text_fieldsമലപ്പുറം: കോരിച്ചൊരിഞ്ഞ മഴക്കൊപ്പം ആവേശം പെയ്തിറങ്ങിയ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ആതിഥേയരായ മലപ്പുറം ജില്ലക്ക് മികച്ച നേട്ടം. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ജൂനിയർ മീറ്റിൽ 352 പോയന്റുമായി മൂന്നാം സ്ഥാനം നേടിയാണ് ജില്ല കരുത്ത് കാട്ടിയത്. 15 സ്വർണവും 19 വെള്ളിയും 15 വെങ്കലവുമായാണ് മലപ്പുറത്തിന്റെ കൗമാര കൂട്ടം മികച്ച പ്രകടനം കാഴ്ചവെച്ചത്.
മീറ്റിലെ ആദ്യദിനം 104 പോയന്റുമായി മലപ്പുറം നാലാം സ്ഥാനത്തായിരുന്നു. രണ്ടാം ദിനം നാല് സ്വർണവും അക്കൗണ്ടിൽ ചേർത്ത് 207 പോയന്റോടെ ഒരുപടി കയറി മൂന്നാമതെത്തിയ ജില്ല സമാപന ദിവസവും കുതിപ്പ് തുടർന്നു. ജില്ലക്കായി കടകശ്ശേരി ഐഡിയൽ സ്കൂളിന്റെ താരങ്ങളാണ് കൂടുതൽ മെഡൽ നേടിയത്. ഐഡിയലിന്റെ താരങ്ങൾ ഏഴ് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും ജില്ലക്ക് സമ്മാനിച്ചു. കൂടാതെ തിരുനാവായ നാവാമുകുന്ദ സ്പോർട്സ് അക്കാദമിയും കാവനൂർ സി.എച്ച്.എം.കെ.എച്ച്.എസും ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസും ജില്ലക്കായി മെഡൽ സംഭാവന ചെയ്തു. സമാപന ദിവസം ആറ് സ്വർണമാണ് ജില്ല വാരിക്കൂട്ടിയത്.
അണ്ടർ 16 പെൺകുട്ടികളുടെ ഹൈജംപിൽ മലപ്പുറത്തിന്റെ കെ.വി. മിൻസാര പ്രസാദ് ഒന്നാമതെത്തി. ജില്ലക്കായി മത്സരിച്ച സി.പി. അഷ്മികക്കാണ് രണ്ടാംസ്ഥാനവും. അണ്ടർ 16 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ കെ.പി. അനീന നസീർ സ്വർണം നേടി. അണ്ടർ 18 പെൺകുട്ടികളുടെ ഹാമർത്രോയിൽ സുഹൈമ നിലോഫറിനാണ് സ്വർണം. മലപ്പുറത്തിന്റെത്തന്നെ അശ്വനിക്കാണ് ഈ ഇനത്തിൽ വെള്ളി.
അണ്ടർ 18 ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ മലപ്പുറത്തിന്റെ എം.പി. മുഹമ്മദ് അമീൻ സ്വർണം നേടി. അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ റബീഹ് അഹമ്മദ് സ്വർണം നേടി. ആൺകുട്ടികളുടെ അണ്ടർ 18 വിഭാഗം ജാവലിൻ ത്രോയിൽ ഒന്നും രണ്ടും സ്ഥാനം മലപ്പുറത്തിനാണ്.
ടി. മുഹമ്മദ് സഹീറും സി. അശ്വിനുമാണ് ജില്ലക്കായി യഥാക്രമം സ്വർണവും വെള്ളിയും നേടിയത്.
അണ്ടർ 20 ആൺകുട്ടികളുടെ ട്രിപ്പ്ൾ ജംപിൽ മലപ്പുറത്തിന്റെ മുഹമ്മദ് മുഹ്സിൻ ഒന്നാമതെത്തിയതോടെ ജില്ല മീറ്റിൽ മികച്ച പോയന്റോടെ മൂന്നാമതെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.