സൗത്ത് പല്ലാറിൽ പന്തലൊരുക്കി സമരസമിതി ജാഗ്രതയിൽ
text_fieldsതിരുനാവായ: പഞ്ചായത്തിൽ ഇനി സിൽവർ ലൈൻ സർവേ നടക്കാനുള്ള സൗത്ത് പല്ലാറിൽ സമരസമിതി ജാഗ്രതയിൽ. ശക്തമായ പ്രതിഷേധത്തെ തുടർന്ന് നാലു ദിവസമായി നടക്കാതെ പോയ സൗത്ത് പല്ലാർ ഭാഗത്തെ സർവേ ചെറുക്കാൻ സമരസമിതി സ്ഥിരം പന്തലൊരുക്കി ജാഗ്രതയോടെ കാത്തിരിക്കുകയാണ്. ഇവിടേക്ക് എത്തിച്ചേരാൻ പറ്റുന്ന വഴികളിലെല്ലാം സമരഭടന്മാർ സജീവം. സർവേ ഉദ്യോഗസ്ഥർ കടന്നുവന്നതായി എന്തെങ്കിലും സൂചനകൾ ലഭിച്ചാൽ വിവരം വാട്സ്ആപ് വഴി സമരപ്പന്തലിലെത്തും. അവിടെ നിന്ന് നിമിഷനേരം കൊണ്ട് നാടിന്റെ മുക്കിലും മൂലയിലുമെത്തും.
അതോടെ നാടിളകും. ജനം ഇരച്ചെത്തും. അത്രയും വലിയ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ പ്രദേശത്ത് താൽക്കാലികമായി സർവേ നിർത്തിവെച്ചതായും റമദാന് ശേഷമേ ഇനി തുടങ്ങൂ എന്നൊക്കെ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അതൊന്നും സമരസമിതി മുഖവിലയ്ക്കെടുത്തിട്ടില്ല. മുന്നറിയിപ്പില്ലാതെ ഏതു സമയത്തും വന്ന് സർവേ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടേക്കുള്ള എല്ലാ വഴികളും സമരക്കാരുടെ നിരീക്ഷണത്തിലാണ്.
തിരുനാവായ വില്ലേജിന്റെ അതിർത്തി പ്രദേശമായ പാലപ്പറമ്പിലാണ് പന്തൽ കെട്ടി സമരം തുടങ്ങിയിട്ടുള്ളത്. പാടത്തിന്റെ നടുക്കായതിനാലും ഒരുഭാഗം നിലവിലെ റെയിൽപാത ഉള്ളതിനാലും ഇവിടേക്ക് വലിയ പൊലീസ് സന്നാഹത്തിന് വാഹനത്തിൽ എത്തിപ്പെടാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ഒരു കാരണവശാലും സർവേ നടത്താൻ സമ്മതിക്കില്ലെന്നാണ് ഇരകളായ കുടുംബങ്ങളുടെയും സമരസമിതിയുടെയും തീരുമാനം.
നിലവിൽ രണ്ടായി മുറിച്ചുമാറ്റിയ പല്ലാറിനെ ഇനിയും വിഭജിച്ചാൽ ഈ നാട് തീർത്തും ഒറ്റപ്പെടുമെന്ന ഭയത്താലാണ് സമരം ശക്തമാകാൻ കാരണം. ഇതിനിടയിൽ സിൽവർ ലൈൻ വിരുദ്ധ സമര ജാഥയുടെ സമാപനത്തിൽ പങ്കെടുക്കാൻ സൗത്ത് പല്ലാർ സമരസമിതി അംഗങ്ങൾ വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.