കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴുന്നു; നാമ്പ്രാണി തടയണ നിർമാണം 15ന് പുനഃരാരംഭിക്കും
text_fieldsമലപ്പുറം: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ജലസമൃദ്ധി ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നടത്തുന്ന കടലുണ്ടിപ്പുഴ നാമ്പ്രാണി തടയണ നിർമാണം നവംബർ 15ന് പുനരാരംഭിക്കും. കാലവർഷം മൂലം കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിയിരുന്നു. വർഷങ്ങൾക്കുമുമ്പ് നിർമിച്ച തടയണക്ക് കാലപ്പഴക്കം മൂലം ചോർച്ച സംഭവിക്കുകയും നഗരസഭ പ്രദേശങ്ങളിൽ ജല വിതരണത്തിന് വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതി പ്രദേശങ്ങളിലേക്ക് ഉപകരണങ്ങളും സാമഗ്രികളും എത്തിക്കുന്നതിനു ഉപയോഗിക്കുന്ന റോഡ് പ്രളയത്തിൽപെട്ട് തകർന്നതിനാൽ അടിയന്തരമായി പുനർനിർമിക്കാൻ ഇറിഗേഷൻ വകുപ്പ് 17 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. റോഡ് പുനർനിർമിക്കുന്നതോടെ പദ്ധതി പ്രദേശത്തേക്ക് നിർമാണ ഉപകരണങ്ങളും സാമഗ്രികളും കൊണ്ടുവരാനുള്ള പ്രതിസന്ധി മാറും. നിലവിൽ പദ്ധതിക്ക് ഉപയോഗിക്കുന്ന നാല് ഷട്ടറുകളിൽ രണ്ടെണ്ണത്തിന്റെ പണി പൂർത്തിയായി. ശേഷിക്കുന്ന രണ്ട് ഷട്ടറുകളുടെ പ്രവർത്തനങ്ങൾ പദ്ധതി പ്രദേശത്തിന് സമീപം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
പദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗ തീരുമാനത്തെ തുടർന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. സക്കീർ ഹുസൈൻ, പരി അബ്ദുൽ ഹമീദ്, സി.പി. ആയിഷാബി, കൗൺസിലർ സി. സുരേഷ്, ഇറിഗേഷൻ വകുപ്പ് അസി. എൻജിനീയർ പി. ഷബീബ്, ഓവർസിയർമാരായ എം. ബാബുരാജ്, കെ.കെ. മുഫീദ, ദൃശ്യ കരുവാന്തൊടി, പി.എം.ആർ കൺസ്ട്രക്ഷൻ പ്രതിനിധി പി.എം.ആർ. മജീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.