കടലുണ്ടിപ്പുഴ വരളുന്നു; കുടിവെള്ള പദ്ധതികൾ അനിശ്ചിതത്വത്തിൽ
text_fieldsവേങ്ങര: കടലുണ്ടിപ്പുഴ വറ്റി വരളുന്നത് വേങ്ങരയിലെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ സാധ്യത. വാക്കിക്കയം റെഗുലേറ്ററിന്റെ ജലനിരപ്പിനെ ആശ്രയിച്ചാണ് വേങ്ങര മണ്ഡലത്തിലെ പ്രധാന കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. വേങ്ങര മൾട്ടി ജി.പി ജലനിധി പദ്ധതിക്ക് പമ്പിങ് നടത്തുന്നത് കടലുണ്ടിപ്പുഴയിലെ കല്ലക്കയത്ത് നിന്നാണ്. ഇവിടെനിന്ന് തന്നെയാണ് കണ്ണമംഗലം കുടിവെള്ള പദ്ധതിയുടെ പമ്പിങ്. ഇവിടെ ഒരാഴ്ചക്കുള്ളിൽ ആശങ്ക ഉയർത്തുന്ന രീതിയിലാണ് വെള്ളം താഴുന്നത്.
കല്ലക്കയത്ത് തന്നെ ചെറുകിട ജലസേചന വിഭാഗത്തിന്റെ കാർഷിക പദ്ധതിയുടെ പമ്പിങ്, തൊട്ടുമീതെ പാറക്കടവിൽ പറപ്പൂർ ജലനിധി പദ്ധതിക്കുള്ള പമ്പിങ്, സമീപത്ത് കൂമൻകല്ലിൽ വാട്ടർ അതോറിറ്റിയുടെ മറ്റൊരു പദ്ധതിക്കുള്ള പമ്പിങ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. പുഴയിലെ ജലനിരപ്പ് കുറയുന്നത് ഈ പമ്പിങ് സ്റ്റേഷനുകൾക്കെല്ലാം ഭീഷണി സൃഷ്ടിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിലും മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഇടമഴ ലഭിച്ചിരുന്നതിനാൽ വലിയ തോതിലുള്ള ജലക്ഷാമം അനുഭവപ്പെട്ടിരുന്നില്ല.
ഈ വർഷം ഇടമഴ തീരെ ലഭിക്കാത്തത് പമ്പിങ് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതരെ നിർബന്ധിതരാക്കിയേക്കും. ഇനിയും കടലുണ്ടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നാൽ വേങ്ങര, കണ്ണമംഗലം, ഊരകം, പറപ്പൂർ, എടരിക്കോട് പഞ്ചായത്തുകൾ, കോട്ടക്കൽ നഗരസഭയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ കാൽ ലക്ഷത്തിൽപ്പരം ഗാർഹിക ഉപഭോക്താക്കൾക്ക് ആവശ്യമായ ജലം എത്തിക്കാൻ ബുദ്ധിമുട്ടാവും. കല്ലക്കയത്തിന് താഴെ വാക്കിക്കയം റെഗുലേറ്ററിലെ ജലം ഉപയോഗിക്കണമെങ്കിൽ താഴെനിന്ന് മേലെയുള്ള പമ്പിങ് സ്റ്റേഷനുകളിലേക്ക് പൈപ്പ് വലിക്കുന്ന ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.