പുലിപ്പേടിയിൽ കൈപ്പുറം
text_fieldsകൈപ്പുറത്ത് പുലിയെ കണ്ടതായി പ്രചരിച്ച സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
പട്ടാമ്പി: കൈപ്പുറത്ത് പുലിയെ കണ്ടതായി അഭ്യൂഹം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലെത്തി പരിശോധന നടത്തി പുലിയുടെ സാന്നിധ്യം നിരാകരിച്ചു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പ്രദേശവാസികളിൽ ചിലർ അറിയിച്ചതനുസരിച്ച് പാമ്പ് പിടുത്തക്കാരനായ കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ പുലിയുടെ ശബ്ദം കേട്ടതായും 75 മീറ്റർ ദൂരെ പുലിയെ കണ്ടതായും തങ്ങൾ ഓടി അടുത്ത വീട്ടിൽ അഭയം തേടിയതായും ശബ്ദസന്ദേശത്തിലൂടെ അബ്ബാസ് അറിയിച്ചു.
രാത്രി തന്നെ കൊപ്പം പൊലീസും സ്ഥലത്തെത്തി. പുലിയെ കണ്ടെന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പരന്നതോടെ നാട്ടുകാർ ഭീതിയിലായി. ആളുകൾ രാവിലെ ഏറെ വൈകിയാണ് പുറത്തിറങ്ങിയത്. രാവിലെ നടക്കേണ്ട കൈപ്പുറം മദ്റസ പരീക്ഷ ഒന്നര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. പുലിയെ കണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ട് പള്ളികളിൽ മൈക്കിൽ നിർദേശവും നൽകിയിരുന്നു.
ഞായറാഴ്ച രാവിലെ വനം വകുപ്പ് പട്ടാമ്പി സെക്ഷൻ ഓഫിസർ പി. സജയകുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. ഫോറസ്റ്റ് ബീറ്റ് ഓഫിസർ എസ്. വിനോദ് കുമാർ, എ.ടി. അയ്യൂബ്, റെസ്ക്യൂ വാച്ചർമാരായ എം. രേവതി, പി.പി. രാജേഷ്, കെ.പി. സുധീഷ് എന്നിവരടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം രണ്ടര മണിക്കൂറോളം പുലിയെ കണ്ടെന്ന് സംശയിക്കുന്ന പ്രദേശത്ത് പരിശോധന നടത്തി.
അസാധാരണ ശബ്ദം കേട്ട വീട്ടുകാരോടും നാട്ടുകാരോടും വിവരങ്ങൾ ആരാഞ്ഞു. പുലിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഒരു അടയാളവും കണ്ടെത്താനായില്ല. നിരവധി കാലടിപ്പാടുകൾ പരിശോധിച്ചെങ്കിലും അതെല്ലാം നായകളുടെതാകാമെന്നും കാട്ടുപൂച്ചയുടെ വളർച്ചയുടെ അവസാനഘട്ടത്തിൽ ചെറിയ പുലിയെപ്പോലെ തോന്നുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുലിയുടെ സാന്നിധ്യമുള്ളതായി വല്ല സാഹചര്യ തെളിവുകളും ലഭ്യമായാൽ കാമറയും കൂടും സ്ഥാപിക്കാമെന്നും പറഞ്ഞു.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ അസീസ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ. റഷീദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബുഷറ ഇഖ്ബാൽ, എ.കെ. മുഹമ്മദ്കുട്ടി, പഞ്ചായത്ത് അംഗം വി.ടി.എ കരീം എന്നിവരുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കാട്ടുപൂച്ചയുടെ സാന്നിധ്യമുള്ള പ്രദേശമാണ് കൈപ്പുറം മൈലാടി ഭാഗമെന്ന് വനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ജാഗ്രത നിർദേശവും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.