മഞ്ചേരി കൗൺസിൽ യോഗത്തിൽ കൈയാങ്കളിയും വാക്കേറ്റവും
text_fieldsമഞ്ചേരി: നഗരസഭ കൗൺസിൽ യോഗത്തിൽ കൈയാങ്കളിയും വാക്കേറ്റവും. വൈസ് ചെയർമാൻ വി.പി. ഫിറോസിന് വയറിന് ചവിട്ടേറ്റു. ഉന്തിലും തള്ളിലുംപ്പെട്ട് എൽ.ഡി.എഫ് അംഗം പി. വിശ്വനാഥന് കൈയിനും നിസാര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
രണ്ട് അജണ്ടകളാണ് കൗൺസിലിൽ ചർച്ചക്കെടുത്തത്. വാർഷിക പദ്ധതി സ്പിൽ ഓവർ പ്രൊജക്ട് കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതായിരുന്നു ഒന്നാമത്തെ അജണ്ട. ഇത് സംബന്ധിച്ച ചർച്ച ആരംഭിച്ചതോടെ പ്രതിപക്ഷ കൗൺസിലർ മരുന്നൻ സാജിദ് ബാബു ഇതിനെ എതിർത്തു. വാർഷികപദ്ധതി പരിഷ്കരിച്ച് ഈ മാസം അഞ്ചിനകം ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കണമെന്ന നിർദേശം ഉണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷം അജണ്ടയെ എതിർത്തത്. സമയപരിധി അവസാനിക്കുന്നത് വരെ ഭരണസമിതി കാത്തിരുന്നെന്നും കുറ്റപ്പെടുത്തി.
എന്നാൽ, ധനകാര്യ കമ്മിറ്റിയിൽ അജണ്ട വന്ന സമയത്ത് എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചതാണ് കൗൺസിൽ വൈകാൻ കാരണമെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ തിരിച്ചടിച്ചു. ഇതിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ് അംഗങ്ങൾ സീറ്റിൽനിന്ന് എഴുന്നേറ്റ് ബഹളം വെക്കുകയും തമ്മിൽ വാക്കേറ്റവും നടന്നു. എൽ.ഡി.എഫ് കൗൺസിലർ സി.പി. അബ്ദുൽ കരീം സീറ്റിൽ നിന്നെഴുന്നേറ്റ് മുന്നിലേക്കെത്തുകയും സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന കൗൺസിലർ കണ്ണിയൻ അബൂബക്കറിൽനിന്നും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ ഉന്തും തള്ളുമായി.
എൽ.ഡി.എഫ് കൗൺസിലർ മൈക്ക് തറയിലേക്ക് വലിച്ചെറിഞ്ഞു. ഇവരെ പിടിച്ചുമാറ്റുന്നതിനിടെ വൈസ് ചെയർമാന്റെ വയറിന് അബ്ദുൽ കരീമിന്റെ ചവിട്ടേറ്റു. ഇതോടെ ഇരുവിഭാഗങ്ങളിലെയും കൗൺസിലർമാർ സീറ്റിൽനിന്ന് എഴുന്നേറ്റതോടെ രംഗം വഷളായി. ചില കൗൺസിലർമാർ ഇരുവിഭാഗത്തെയും അനുനയിപ്പിച്ചതോടെയാണ് സംഘർഷാവസ്ഥ നീങ്ങിയത്. വൈസ് ചെയർമാനെ അക്രമിച്ച അബ്ദുൽ കരീമിനെതിരെ നടപടി വേണമെന്ന് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. കൗൺസിലിന് ശേഷം എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധ സംഗമം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.