കാളികാവ് ബസാർ ജി.യു.പി ഹൈസ്കൂളാവുന്നു
text_fieldsകാളികാവ്: ബസാർ ജി.യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ കോടതി അനുകൂല നടപടി സ്വീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് സർവകക്ഷി യോഗം ചേർന്നു. രക്ഷാകർതൃ സമിതിയുടെ ഹരജിയിൽ ഹൈസ്കൂളാക്കി ഉയർത്തണമെന്ന ആവശ്യം ഹൈകോടതി അംഗീകരിച്ചതായി പി.ടി.എ ഭാരവാഹികൾ അറിയിച്ചു. രണ്ടുമാസത്തിനുള്ളിൽ സർക്കാറിനോട് ഉചിതമായ നടപടിയെടുക്കാനും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. രക്ഷാകർതൃസമിതിക്കും നാട്ടുകാർക്കും പിന്തുണയുമായി രാഷ്ട്രീയപ്പാർട്ടികളും രംഗത്തു വന്നിട്ടുണ്ട്. 100 വർഷം തികഞ്ഞ സ്കൂളിൽ ഹൈസ്കൂളിനുള്ള കെട്ടിടവും മൈതാനവുമടക്കം നാലേക്കർ സ്ഥലമുണ്ട്. 2019ൽ കാളികാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി യു.പി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്താൻ പ്രമേയവും പാസാക്കിയിട്ടുണ്ട്.
പൂർവവിദ്യാർഥികൾ ഒരുക്കിയ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്മുറികൾ, ആധുനിക ഗണിതലാബ് എന്നിവകൊണ്ട് ശ്രദ്ധ നേടിയ വിദ്യാലയമാണ് കാളികാവ് ബസാർ സ്കൂൾ. കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാളികാവ് ബസാർ സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എയും സി.പി.എം നേതാക്കളും കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കണ്ട് നിവേദനം നൽകി. ഹൈകോടതി നിരീക്ഷണത്തിന്മേൽ അനുകൂല നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പുനൽകിയതായി പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രമേയം അടക്കമുള്ള രേഖകൾ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലെത്തി കൈമാറി. സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, എൻ. നൗഷാദ്, പി.ടി.എ പ്രസിഡൻറ് കെ. റഹ്മത്തുല്ല, പി. മഅസൂം എന്നിവരടങ്ങിയ സംഘമാണ് ഓഫിസിലെത്തി മന്ത്രിയെ കണ്ട് അപേക്ഷ നൽകിയത്. സ്കൂൾ അപ്ഗ്രേഡിങ് നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കാളികാവിൽ സർവകക്ഷി യോഗം ചേർന്നു. കാളികാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രമാരാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. എൻ. നൗഷാദ്, എം. ഷറഫുദ്ദീൻ, അപ്പച്ചൻ തേക്കും തോട്ടത്തിൽ, സി. അഷ്റഫ്, സി. ഷൗക്കത്തലി, സി. ഷറഫുദ്ദീൻ, സി.പി. റഊഫ്, തെറ്റത്ത് ബാലൻ, ജിനേഷ്, ഷഫീക്ക് മാമ്പ്ര, ഒ.പി. നവാഫ്, സി. ഷറഫുദ്ദീൻ, കെ.കെ. കുട്ടൻ, എ.പി. ബാബു, കെ. റൈഷാദ്, ടി. ഫിറോസ്, ഷിബു കൂരി, എം. അഷ്ഹദ്, ഷിബു കൂരി എന്നിവർ സംസാരിച്ചു. പി. മഹ്സൂം സ്വാഗതവും കെ.ടി. നൂറുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.