ചോക്കാട്ട് 363 കോടിയുടെ ജൽ ജീവൻ പദ്ധതി; കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ
text_fieldsകാളികാവ്: നാല് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ചോക്കാട് ജൽ ജീവൻ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. 2024 പൂർത്തിയാകുന്നതോടെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധ ജലമെത്തിക്കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി മലയോരമേഖലയിലെ ചോക്കാട്, അമരമ്പലം, കരുളായി, മൂത്തേടം പഞ്ചായത്തുകളിൽ പൈപ്പ് സ്ഥാപിക്കുന്ന ജോലി നടന്നു വരികയാണ്.
മൂത്തേടമൊഴികെയുള്ള നാലു പഞ്ചായത്തുകളിലും ജല സംഭരണിയുടെ നിർമാണവും നടന്നുവരികയാണ്. നാലു പഞ്ചായത്തുകളിലായി 362.30 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചിങ്കക്കല്ല്, നാൽപ്പത് സെൻറ് എന്നിവിടങ്ങളിലാണ് സംഭരണി നിർമിക്കുന്നത്.
അമരമ്പലം പഞ്ചായത്തിലെ വേങ്ങാപരത, പാട്ടക്കരിമ്പ്, ടി.കെ കോളനി എന്നിവിടങ്ങളിലും കരുളായി അരക്കും പൊയിൽ കുന്ന് എന്നിവിടങ്ങളിലും സംഭരണികളുടെ നിർമ്മാണം ദ്രുതഗതിയിൽ നടന്നു വരികയാണ്. ബി.പി.എൽ, എ.പി.എൽ വ്യത്യാസമില്ലാതെ ആവശ്യമുള്ള മുഴുവൻ പേർക്കും കുടിവെള്ളം ലഭ്യമാക്കും.
പദ്ധതിയുടെ 50 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളുമാണ് വഹിക്കുന്നത്. പത്തു ശതമാനമാണ് ഗുണഭോക്തൃവിഹിതം നൽകേണ്ടത്. കേരള വാട്ടർ അതോറിട്ടിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. അതത് പഞ്ചായത്തുകളിലാണ് കണക്ഷന് അപേക്ഷ നൽകേണ്ടത്. ചാലിയാറിൽ നിന്നാണ് നാലു പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്നത്.
ജൽ ജീവൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രാദേശിക തലത്തിലുള്ള ജലനിധി പദ്ധതികളധികവും ഉപയോഗശൂന്യമാകും. 2024 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കണമെന്നാണ് നിർദേശമെങ്കിലും നടപ്പാക്കാനാവില്ല. മിക്ക പഞ്ചായത്തുകളിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കൃത്യമായ പഠനത്തിന്റെയും ആസൂത്രണത്തിന്റെയും മികവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് കുടിവെള്ള പ്രശ്നങ്ങൾക്ക് അന്തിമ പരിഹാരമാവും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.