പച്ചക്കറി കൃഷിയിൽ മികവുകാട്ടി കുട്ടിക്കർഷകൻ
text_fieldsകാളികാവ്: പുതുതലമുറയിൽ കൃഷിയോട് താൽപര്യം കുറഞ്ഞുവരുന്ന ഈ കാലത്ത് പച്ചക്കറി കൃഷിയിൽ എ പ്ലസ് നേടിയിരിക്കുകയാണ് പാറശ്ശേരി ജി.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥി അമാൻ. ഒൺലൈൻ പഠന കാലത്ത് ഒഴിവ് സമയത്ത് കാർഷികവൃത്തിയിൽ സജീവമാണ് ഈ കുട്ടിക്കർഷകൻ. ക്ലാസ് കഴിഞ്ഞുള്ള സമയം അമാൻ ചെലവഴിക്കുക തന്റെ പച്ചക്കറിത്തോട്ടത്തിലാണ്.
അടക്കാക്കുണ്ട് എച്ച്.എസ് പടിയിലെ തന്റെ വീട്ടുവളപ്പിൽ പയർ, ചീര, കക്കരി, തക്കാളി, കയ്പ തുടങ്ങിയ പച്ചക്കറികളാണ് വിളയിച്ചിരിക്കുന്നത്. വീട്ടാവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും ഇവിടെ നിന്നാണ് ലഭിക്കുന്നത്. കൃഷിയോട് താൽപര്യം തുടങ്ങിയിട്ട് രണ്ട് വർഷമായി. കർഷകനായ പിതാവ് ആബിദ് പണിയുന്നത് കണ്ടാണ് കൈക്കോട്ട് തന്റെ കുഞ്ഞു കൈകൾക്ക് വഴങ്ങുമെന്ന് ഈ കുട്ടി തിരിച്ചറിഞ്ഞത്. പിതാവിൽനിന്ന് കൃഷി ചെയ്യാനുള്ള പാഠങ്ങളെല്ലാം ഹൃദ്യസ്ഥമാക്കി. കഴിഞ്ഞ ജന്മദിനത്തിൽ അമാൻ സമ്മാനമായി ആവശ്യപ്പെട്ടത് പച്ചക്കറിവിത്തുകളായിരുന്നു. പിതാവ് നൽകിയ വിത്ത് സ്വന്തമായി വിതറി. ഇവ വളർന്നപ്പോൾ വീട്ടുകാർക്ക് പോലും കൗതുകം. വിത്ത് വിതക്കലും കളപറിക്കലും നനക്കലും എല്ലാം അമാൻ തന്നെ ചെയ്യും. സ്വന്തമായുള്ള കൃഷിക്ക് പുറമെ വീട്ടിൽ വളരുന്ന കോഴികളെ പരിചരിക്കലും അവ വിരിയിക്കുന്ന മുട്ടകൾ ശേഖരിക്കാനും വീട്ടുകാർക്കൊപ്പം അമാൻ സജീവമായി ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.