നാൽപ്പത് സെന്റിൽ ചക്ക തേടി കാട്ടാനക്കൂട്ടം
text_fieldsകാളികാവ്: ചോക്കാട് നാൽപ്പത് സെന്റിൽ കാട്ടാനക്കൂട്ടം ഒരു രാത്രി മുഴുവൻ ആദിവാസി കുടുംബങ്ങളെ ഭീതിയിലാക്കി. ബുധനാഴ്ച രാത്രി ഇരച്ചെത്തിയ കാട്ടാനകൾ കമുക്, വാഴ കൃഷികൾ നശിപ്പിച്ചു. പുഞ്ചയിൽ വെള്ളന്റെ വീടിന്റെ മുമ്പിലെത്തി ഏറെ നേരം ചിന്നം വിളിച്ച് തൊട്ടടുത്തുള്ള കൃഷിയിടങ്ങളിൽ കയറി വിളകൾ നശിപ്പിക്കുകയായിരുന്നു.
ചക്കയുടെ മണം പിടിച്ചെടുത്തുന്ന ആനക്കൂട്ടത്തിന് മുന്നിൽ നിസ്സഹായരായിരിക്കയാണ് വീട്ടുകാർ. കണ്ണിൽ കാണുന്നതെല്ലാം നശിപ്പിച്ചാണ് ആനകളുടെ മടക്കം. നേരം ഇരുട്ടുന്നതോടെ വീട്ടുമുറ്റത്തും നടവഴിയിലും കാട്ടാനക്കൂട്ടം പതിവ് കാഴ്ചയാണ്.
നേരത്തെ ആനകളെ തടയാനായി വനാതിർത്തിയിൽ ആഴമുള്ള കിടങ്ങുകൾ കുഴിച്ചിരുന്നു. ഇത് കാലപ്പഴക്കം കാരണം നികന്നുപോയി. പിന്നീട് അഞ്ചടി ഉയരത്തിൽ കരിങ്കൽ മതിൽ കെട്ടി. ഇതാകട്ടെ ആനകൾ തകർക്കുകയും ചെയ്തു. പിന്നീട് ആദിവാസികൾ പിരിവെടുത്ത് സോളാർ ഇലക്ട്രിവേലി കെട്ടി. ഇതും ബാറ്ററി കേടുവന്നു പ്രവർത്തനരഹിതമായി. വനം വകുപ്പിന്റെ ചെലവിൽ മാസങ്ങൾക്കുമുമ്പ് മറ്റൊരു സോളാ ർ ഇലക്ട്രിക് വേലിയും നിർമിച്ചിരുന്നു. ഇതിന്റെ ഒരുഭാഗം ആനകൾ നശിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ നേരം ഇരുട്ടിയാൽ ആനകളുടെ സ്വൈരവിഹാരമാണ്. ആദിവാസി വീടുകളും വനവും വളരെ അടുത്താണ്. മേഖലയിൽ കാട്ടാനകളുടെ ആക്രമണം കാരണം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.