അടക്കാകുണ്ട് കുട്ടിക്കുന്നിൽ പുലി രണ്ട് ആടുകളെ കൊന്നു
text_fieldsകാളികാവ്: അടക്കാക്കുണ്ട് റാവുത്തൻകാട് കുട്ടിക്കുന്നിൽ പുലി ആടുകളെ കൊന്നു. മൈലാടിയിലെ പതിനാലിൽ ജോസിന്റെ ആടുകളെയാണ് കൊന്നത്. മേയാൻ കൊണ്ടുപോയ ആടിനെ സ്ഥലത്ത് വെച്ചുതന്നെ കടിച്ചുകൊന്നു. മറ്റൊരാടിനെ കടിച്ചെടുത്ത് കൊണ്ടുപോയി. ആട് കൃഷി നടത്തുന്ന ജോസ് 18 ആടുകളെ റബ്ബർ തോട്ടത്തിൽ മേയാൻ കൊണ്ടുപോയതായിരുന്നു.
ഇതിലെ രണ്ട് ആടുകളെയാണ് പുലി കൊന്നത്. കടിച്ചുകൊണ്ടുപോയ ആടിന്റെ ജഡം പിന്നിട് വനപാലകർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. പുലിയുടെ മുരൾച്ച കേട്ട ജോസ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയാണ് മറ്റാടുകളെ രക്ഷിച്ചത്. കാൽപാടുകളും ആടിന്റെ കഴുത്തിലെ കടിയുടെ പാടും പരിശോധിച്ചതിൽനിന്ന് പുലിയാണെന്ന് വെറ്ററിനറി ഡോക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേസ്ഥലത്ത് ഇതിനുമുമ്പും പത്തിലേറെ ആടുകളെയും വളർത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്. ഈ ഭാഗത്ത് ടാപ്പിങ് നടത്തുന്ന തൊഴിലാളികൾ പല തവണ പുലിയെ കണ്ട് പേടിച്ചോടുകയും ചെയ്തിട്ടുണ്ട്.
നേരം വെളുക്കുന്നതിന് മുമ്പ് ടാപ്പിങ്ങിനായി തോട്ടത്തിലേക്ക് പോകുന്ന റബർ തൊഴിലാളികൾ പേടിയോടെയാണ് ജോലി ചെയ്യുന്നത്. ആടിനെ കൊന്ന സ്ഥലത്ത് വനപാലകരും വെറ്ററിനറി സംഘവും എത്തി പരിശോധന നടത്തി. കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ സുരേഷ് കുമാർ, സെക്ഷൻ ഓഫിസർമാരായ യു. സജീവൻ, എസ്. അരുൺ ദേവ് എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പഞ്ചായത്ത് അംഗം ജോഷി റാത്തപ്പള്ളിയും സ്ഥലത്തെത്തി.
കർഷകർ ഭീതിയിൽ: പുലിക്കെണി സ്ഥാപിക്കണമെന്ന് നാട്ടുകാർ
കാളികാവ്: രണ്ട് ആടുകളെ പുലി കൊല്ലുകയും നിരവധി വളർത്തുമൃഗങ്ങളെ കാണാതാവുകയും ചെയ്തതോടെ പാറശ്ശേരി, മൈലാടി ഭാഗങ്ങളിൽ കർഷകർ ഭീതിയിൽ. റാവുത്തൻകാട് കുട്ടിക്കുന്ന് ഭാഗത്താണ് മേയാൻവിട്ട ആടുകളെ പുലി കൊന്നത്. സാധാരണ പൂച്ചപ്പുലികളാണ് ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലാറ്. എന്നാൽ, കുട്ടിക്കുന്നിലിറങ്ങിയത് പുലിതന്നെയാണെന്ന് വനംവകുപ്പും വെറ്ററിനറി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.
ആടുകൾ ചത്തുകിടന്ന പ്രദേശത്ത് കണ്ടെത്തിയ കാൽപാടുകൾ പുലിയുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. റാവുത്തൻകാട് മേഖല റബർ, കവുങ്ങ്, ജാതി, വാഴ കൃഷികൾ ധാരാളമുള്ള പ്രദേശമാണ്. അതിനാൽ, പുലർച്ച തോട്ടത്തിലെത്തുന്ന റബർ ടാപ്പിങ് തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണാവശ്യം. ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ അടിയന്തരമായി കെണി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം ജോഷി റാത്തപ്പള്ളി അടക്കമുള്ളവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.