പ്ലാസ്റ്റിക് കവർ പുറത്ത്
text_fieldsമലപ്പുറം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ല ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപന്നങ്ങള് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലും ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ല കലക്ടര്‍ വി.ആർ. വിനോദ് അഭ്യര്‍ഥിച്ചു.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിനും ഒക്ടോബര്‍ ഒന്ന് മുതല്‍ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വ്യാപാരി സംഘടന പ്രതിനിധികളുടെയും ഹോട്ടല്‍- റസ്റ്റോറന്റ് - ബേക്കറി ഉടമ സംഘടന പ്രതിനിധികളുടെയും യോഗത്തില്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്കി. സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങള് കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല. ആവശ്യക്കാര്‍ക്ക് തുണി സഞ്ചി പോലെ ബദല്‍ സംവിധാനങ്ങള്‍ വിലക്ക് നല്‍കാം. ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് കവറുകള്‍ക്ക് പകരം പാത്രങ്ങള്‍ ഉപയോഗിക്കണം. പാത്രങ്ങള്‍ കൊണ്ട് വരാത്തവര്‍ക്ക് ഡെപ്പോസിറ്റ് വ്യവസ്ഥയില്‍ പാത്രങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കാവുന്നതാണ്. ഒക്ടോബര്‍ 15 മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമാക്കും -കലക്ടര്‍
ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഹരിതപെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ല കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ല പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങൾ നല്കി. ഹരിതകര്‍മസേനക്ക് യൂസര്‍ഫീ നല്‍കാതിരിക്കുകയും മാലിന്യം കൈമാറാതിരിക്കുകയും ചെയ്യുന്ന ഓഫിസുകളുടെ മേധാവിമാര്‍ക്കെതിരെ നടപടിയുണ്ടാകും. എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ പി.ബി. ഷാജു, ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ടി.വി.എസ് ജിതിന്, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ എ. ആതിര, ഗ്രീന്‍ കേരള കമ്പനി അസി. മാനേജര്‍ പി. മുജീബ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.