ആശയറ്റ് ആശ്രയ പദ്ധതി ഗുണഭോക്താക്കൾ
text_fieldsകാളികാവ്: ചികിത്സക്ക് ഗതിയില്ലാത്തതും മറ്റ് ആശ്രയമില്ലാത്തതുമായവർക്കുള്ള ആശ്രയ പദ്ധതി സഹായം നിലച്ചിട്ട് ആറുമാസം. ഭക്ഷണവും മരുന്നും ലഭിക്കാതെ പ്രയാസപ്പെടുന്നവർ അനവധിയാണ്. 2019 ജൂണിൽ കുടുംബശ്രീയുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ആശ്രയ പദ്ധതിയുടെ തുടക്കം. 36 മാസ കാലയളവിലേക്കാണ് ആദ്യ പ്രോജക്ട് തയാറാക്കിയത്. തുടർന്ന് ജില്ലയിൽ 15,372 ഗുണഭോക്താക്കളുടെ പട്ടികയും പഞ്ചായത്ത് മുഖേന സമാഹരിച്ചു. 201 കോടി രൂപയുടെ പദ്ധതിയാണ് ജില്ലയിൽ തയാറാക്കിയത്.
40 ശതമാനം തുക കുടുംബശ്രീയും ബാക്കി തദ്ദേശ സ്ഥാപനങ്ങളും വകയിരുത്തണമെന്നാണ് നിർദേശം. ശേഷം കുടുംബശ്രീ എല്ലാ പഞ്ചായത്തുകൾക്കും രണ്ട് ഗഡു നൽകി. മിക്ക പഞ്ചായത്തുകളും കുടുംബശ്രീ ഫണ്ടുകൾ മാത്രമാണ് വിനിയോഗിച്ചത്. മരുന്ന്, ഭക്ഷണം എന്നിവക്കായാണ് ചെലവഴിച്ചത്. ഫണ്ട് വിനിയോഗിക്കാൻ ബാക്കിയുള്ള പഞ്ചായത്തുകൾക്ക് കാലാവധി നീട്ടി നൽകിയിട്ടുമുണ്ട്. അതിനുശേഷം അതിദാരിദ്ര്യമനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി അതിദരിദ്ര പദ്ധതി നിലവിൽ വന്നെങ്കിലും അതിന്റെ ആനുകൂല്യവും നാമമാത്രമാണ് ലഭിച്ചത്.
ആശ്രയ പദ്ധതിയിലുൾപ്പെട്ടവരെ അതിദരിദ്ര പട്ടികയിൽ ചേർക്കേണ്ടതില്ലെന്നും നിർദേശമുണ്ടായിരുന്നു. ഇതുകാരണം ആശ്രയ പദ്ധതിയെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന നൂറുകണക്കിനാളുകൾ ഇപ്പോൾ യാതൊരു താങ്ങുമില്ലാത്ത അവസ്ഥയാണുള്ളത്. അതിദരിദ്ര പദ്ധതി നിലവിൽ വന്ന 2022-‘23 വർഷത്തോടെ ആശ്രയ പദ്ധതി നിലക്കുകയും ഭക്ഷണവും മരുന്നും നിലക്കുകയും ചെയ്തതാണ് ഏറ്റവും വലിയ പ്രതിസന്ധിക്ക് കാരണമായത്. ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവരും പിന്നീട് അതിദരിദ്ര പട്ടികയിൽപ്പെട്ടവരുമായ ആളുകൾക്ക് ലൈഫ് ഭവന പദ്ധതിയിൽ മുൻഗണന ലഭിക്കുന്നു എന്ന ഗുണം മാത്രമാണുള്ളത്. ആശ്രയ പദ്ധതി പുനഃസ്ഥാപിച്ച് മരുന്നും ഭക്ഷണവും മുടക്കം കൂടാതെ ലഭ്യമാക്കുക എന്നതാണ് നിരാശ്രയർക്ക് ഏറ്റവും വലിയ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.