ലൈഫ് ഭവനപദ്ധതിക്കുള്ള ബ്ലോക്ക് പഞ്ചായത്ത് വിഹിതം നിർത്തി; അവസാന ഗഡു ലഭിക്കാതെ നൂറുകണക്കിനുപേർ
text_fieldsകാളികാവ്: ലൈഫ് ഭവന പദ്ധതി വീടുകൾക്കുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം നിർത്തിയത് ഗ്രാമപഞ്ചായത്തുകൾക്ക് അധിക ബാധ്യത സൃഷ്ടിക്കുന്നു. ഇതു കാരണം ഭവന നിർമാണം പൂർത്തിയാക്കിയ നൂറ് കണക്കിന് ഗുണഭോക്താക്കൾക്ക് അവസാന ഗഡു ലഭിച്ചില്ല. കഴിഞ്ഞ വർഷം വരെ ബ്ലോക്ക് വിഹിതം ലഭിച്ചിരുന്ന ഗ്രാമപഞ്ചായത്തുകൾക്ക് നടപ്പു വർഷം ബ്ലോക്ക് ലൈഫിന് വേണ്ടി നീക്കിവെച്ച തുക പോലും നൽകുന്നില്ല.
തനതു വരുമാനം തീരെ കുറവായ പഞ്ചായത്തുകൾക്ക് ബ്ലോക്ക് തീരുമാനം കടുത്ത പ്രതിസന്ധിയുണ്ടാക്കും. ബ്ലോക്കിനു കീഴിലുള്ള പി.എം.എ.വൈ പദ്ധതിക്ക് തുക നൽകേണ്ടതുകൊണ്ടാണ് ഗ്രാമപഞ്ചായത്തുകൾക്ക് വിഹിതം നൽകാൻ കഴിയാത്തതെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ. തങ്കമ്മു പറഞ്ഞു. ലൈഫ് ഭവന പദ്ധതിക്കായി ഒരു ഗുണഭോക്താവിന് ബ്ലോക്ക് വിഹിതം നൽകേണ്ടത് ഇരുപതിനായിരം രൂപയാണ്. കാളികാവ് ബ്ലോക്കിനു കീഴിലെ ഏഴു പഞ്ചായത്തുകളിലായി 2400 പി.എം.എ.വൈ വീടുകളുടെ ലിസ്റ്റാണ് നിലവിലുള്ളത്. ഇതിൽ 624 വീടുകൾക്ക് എഗ്രിമെൻറ് വെക്കുകയും ചെയ്തിട്ടുണ്ട്.
ബ്ലോക്കിന്റെ ഫണ്ട് ഗ്രാമപഞ്ചായത്തിന് ലഭിക്കില്ല എന്നിരിക്കെ ബ്ലോക്ക് പദ്ധതിയായ പി.എം.എ.വൈ പദ്ധതിക്കു വേണ്ടി ഗ്രാമപഞ്ചായത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ ഒരാൾക്ക് എഴുപതിനായിരം രൂപ തോതിൽ ബ്ലോക്കിന് നൽകുകയും വേണം. ഫലത്തിൽ ലൈഫ് ഭവന പദ്ധതിയുടെ മുഴുവൻ ചെലവും ഗ്രാമ പഞ്ചായത്ത് വഹിക്കേണ്ടിവരും. നാലു ലക്ഷം രൂപയാണ് ലൈഫ് ഭവന പദ്ധതിയിൽ ഒരു വീടിനു ലഭിക്കുക.
ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് നിർത്തൽ കാരണം കാളികാവ് ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലായി മൂവായിരത്തോളം ഗുണ ഭോക്താക്കൾക്ക് അവസാന ഗഡു ലഭിച്ചിട്ടില്ല. തനതു ഫണ്ട് തീരെ കുറവുള്ള പഞ്ചായത്തുകൾക്കാണ് ഇത് വലിയ ബാധ്യതയായി മാറുക. ഗ്രാമപഞ്ചായത്തുകൾക്ക് അധിക ബാധ്യത വരുത്തി ലൈഫ് പദ്ധതി വിഹിതം നിർത്തി വെച്ച ബ്ലോക്ക് പഞ്ചായത്ത് നടപടി പ്രതിഷേധാർഹമാണെന്ന് അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈനും കരുവാരകുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.