ടെൻഡർ കരാറുകൾ റദ്ദാക്കി; കാളികാവ് പഞ്ചായത്തിനെതിരെ വിജിലൻസിൽ പരാതി
text_fieldsകാളികാവ്: കുറഞ്ഞ തുക കാണിച്ച് ടെൻഡർ ചെയ്തെടുത്ത വിവിധ പദ്ധതികളുടെ കരാർ കാളികാവ് പഞ്ചായത്ത് ബോർഡ് റദ്ദാക്കിയതായി പരാതി. പൊതുമരാമത്ത് കരാറുകാരൻ മുഹമ്മദ് ഇർഷാദ് വണ്ടൂരാണ് പരാതിക്കാരൻ. കാളികാവ് പഞ്ചായത്തിലെ 2023- 24 വർഷത്തിൽ നടപ്പാക്കുന്ന 67 മരാമത്തു പ്രവൃത്തികളിൽ 10 പ്രവൃത്തികൾ ഇ-ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക കാണിച്ചതിനാൽ മുഹമ്മദ് ഇർഷാദിനാണ് ലഭിച്ചത്.
ഇത് പഞ്ചായത്ത് ബോർഡിന് സ്വീകാര്യമായില്ല. ഇതോടെയാണ് ഒമ്പത് കരാറുകൾ പഞ്ചായത്ത് റദ്ദാക്കിയത്. കരാർ റദ്ദാക്കിയ നടപടിക്കെതിരെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, വിജിലൻസ് എന്നിവർക്ക് ഇർഷാദ് പരാതി നൽകി. കാളികാവ് പഞ്ചായത്തിന്റെ മരാമത്ത് പണികൾക്കായി ഈ വർഷം ആദ്യമായാണ് ഇർഷാദ് ടെൻഡറിൽ പങ്കെടുക്കുന്നത്. എന്നാൽ നേടിയ പ്രവൃത്തികൾ ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിയിലെ ചിലർ തന്നെ സമീപിച്ചതായി ഇർഷാദ് ആരോപിക്കുന്നു. എന്നാൽ ജനുവരി 23ന് ഭരണസമിതി യോഗം ചേരുകയും എസ്റ്റിമേറ്റും ടെൻഡറും പൂർത്തിയാക്കിയതും ഇർഷാദിന് ലഭിച്ച ഒമ്പതു പ്രവൃത്തികളും റദ്ദാക്കുകയായിരുന്നു.
പഞ്ചായത്തിൽ നടപ്പാക്കാൻ തീരുമാനിച്ചതോ ടെൻഡർ കഴിഞ്ഞതോ ആയ പ്രവർത്തികൾ ആവശ്യമായ ഭേദഗതികളോടെ റദ്ദാക്കാനും നടപ്പാക്കാനും ഭരണസമിതിക്ക് അധികാരമുണ്ട്.ഈ അധികാരമുപയോഗിച്ചാണ് ടെൻഡറിന്റെ അംഗീകാരം നിഷേധിച്ചതെന്നാണ് പറയുന്നത്. മൊത്തം 50 ലക്ഷത്തോളം രൂപക്കുള്ള പ്രവർത്തികൾക്കാണ് അംഗീകാരം നിഷേധിച്ചത്. ജനുവരി 23ന് ചേർന്നതും ടെൻഡർ കഴിഞ്ഞ പ്രവൃത്തിയുടെ അംഗീകാരം റദ്ദാക്കിയ ബോർഡ് യോഗത്തിന്റെ തീരുമാനത്തിനുമെതിരെ പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.
ഇതിനാലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദിത്തം പഞ്ചായത്ത് ബോർഡിനായിരിക്കുമെന്നും സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ബോർഡ് യോഗം സെക്രട്ടറിയുടെ അഭിപ്രായം നിരാകരിക്കുകയായിരുന്നു. തുടർന്ന് റദ്ദാക്കപ്പെട്ട കരാറുകാരന് നൽകിയ കത്തിലും ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.