വേട്ടയാടിപ്പിടിച്ച കാട്ടുപോത്തിന്റെ ഇറച്ചി വിറ്റവർക്കെതിരെ കേസ്
text_fieldsകാളികാവ്: കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ച് ഇറച്ചി വിൽപന നടത്തിയ സംഘം വനംവകുപ്പിന്റെ വലയിലായി. രഹസ്യ വിവരത്തെത്തുടർന്ന് വനപാലകർ നടത്തിയ തിരച്ചിലിൽ വേവിച്ചതടക്കം ഇരുപത് കിലോ മാംസം കണ്ടെടുത്തു. കേരള എസ്റ്റേറ്റ് പാന്ത്രയിലെ ചെമ്മല സുബൈർ എന്ന ബാപ്പുട്ടിയുടെ വീട്ടിൽനിന്നാണ് മാംസം പിടിച്ചെടുത്തത്.
പ്രതികൾ ഒളിവിലാണ്. വെള്ളിയാഴ്ച രാത്രി കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ചതായാണ് വിവരം. ശനിയാഴ്ച രാവിലെയാണ് മാംസം കണ്ടെടുത്തത്. എട്ടു കിലോയോളം മാംസം വേവിച്ച നിലയിലും പന്ത്രണ്ട് കിലോ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിലുമാണ് കണ്ടെടുത്തത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും എല്ലാവരും നിരീക്ഷണത്തിലാണെന്നും ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ചർ പി.എൻ. സജീവൻ പറഞ്ഞു.
കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിൽ ആറ് പേരുണ്ടെന്നാണ് വിവരം. മാംസം വേവിക്കാൻ ഉപയോഗിച്ച കുക്കർ, പാത്രങ്ങൾ, കത്തികൾ തുടങ്ങിയവ വനപാലകർ പിടിച്ചെടുത്തിട്ടുണ്ട്. കാട്ടുപോത്തിനെ വേട്ടയാടിയ സ്ഥലവും വേട്ടയാടാനുപയോഗിച്ച തോക്കും മറ്റും കണ്ടെത്തേണ്ടതുണ്ട്.
പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും ഉടൻ പിടികൂടും. കാട്ടുപോത്തിന്റെ ഇറച്ചി പണം കൊടുത്തു വാങ്ങിയവരും കേസ്സിലെ പ്രതികളാകും.
പിടിച്ചെടുത്ത മാംസം തിങ്കളാഴ്ച മഞ്ചേരി വനം കോടതിയിൽ ഹാജരാക്കും. ഫോറസ്റ്റ് റെയിഞ്ചർ പി. രാജീവിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയിഞ്ചർ പി.എൻ. സജീവൻ, ബി.എഫ്.ഒമാരായ എ.എൻ. അഭിലാഷ്, വി.എ. വിനോദ്, ടി. സജീവൻ, കെ. അശ്വതി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.