ചിങ്കക്കല്ല്: സാങ്കേതികത്വത്തിന്റെ പേരിൽ വീട് നിർമാണം നീട്ടില്ലെന്ന് പ്രതീക്ഷ
text_fieldsകാളികാവ്: ഭരണ-ഉദ്യോഗസ്ഥ വർഗത്തിന്റെ പിടിപ്പുകേടിന്റെയും അനാസ്ഥയുടെയും ഫലമായി പത്ത് വർഷത്തോളം ദുരിതമനുഭവിച്ച ചിങ്കക്കല്ലിലെ ആദിവാസി കുടുംബങ്ങൾക്ക് മോചനമാകുമെന്ന് പ്രതീക്ഷ. വീട് നിർമാണത്തിന് വനം വകുപ്പിന്റെ സമ്മതപത്രം ലഭിച്ചതാണ് ആശ്വാസമായത്.
വീടിന് തറ നിർമിച്ച് പത്തു വർഷത്തോളമായിട്ടും നിർമാണത്തിന് അനുമതി നിഷേധിച്ച് വനം വകുപ്പ് ഇടപെട്ടതാണ് ദുരിതത്തിന്റെ തുടക്കം. തറകെട്ടിയ ഭൂമി വനംവകുപ്പിന്റെതാണെന്നതാണ് കാരണം.
എന്നാൽ ഈ ഭൂമിക്കു പകരം ഭൂമി നൽകുകയോ വനം വകുപ്പ് അനുമതി പത്രം നൽകുകയോ ചെയ്യാതെ സാങ്കേതികത്വത്തിന്റെ പേരിൽ ഈ കുടുംബങ്ങളെ തീതീറ്റിക്കുകയാണ് അധികൃതർ ചെയ്തത്. 2022 മുതൽ എൻ.സി.പി പ്രവർത്തകരുടെയുൾപ്പെടെ നിരന്തര ഇടപെടൽ കാരണമാണ് ഈ കുടുംബങ്ങൾക്ക് വീട് നിർമാണത്തിന് വനം വകുപ്പിന്റെ അനുമതി പത്രം മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബങ്ങൾക്ക് കൈമാറിയത്.
ഇനി വീട് നിർമാണത്തിന് ഫണ്ട് അനുവദിച്ചു കിട്ടുന്ന മുറക്ക് നിർമാണം തുടങ്ങും. പഴയ മരവിപ്പിച്ച ഫണ്ടിന് പകരം ഐ.ടി.ഡി.പി വഴി പുതിയ ഫണ്ട് ലഭിക്കാനുള്ള ശ്രമത്തിലാണ് കുടുംബങ്ങൾ.
അടുത്ത ദിവസം തന്നെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ഐ.ടി.ഡി.പി.യെ സമീപിക്കാനുള്ള ശ്രമത്തിലാണ്. ഇനിയും സാങ്കേതികത്വവും അനാസ്ഥയും നേരിടേണ്ടിവരുമോ എന്നാണ് കുടുംബങ്ങളുടെ ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.