ചോക്കാട്ടെ ഏറ്റുമുട്ടൽ; നാട്ടുകാരായ 15 പേർക്കെതിരെ കേസ്
text_fieldsകാളികാവ്: ചോക്കാട് വാളക്കുളം കോളനിയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടവരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെതിരെ കാളികാവ് പൊലീസ് കേസെടുത്തു. വാളക്കുളം സക്കീർ, ഉസ്മാൻ എന്നിവർ ഉൾപ്പെടെ കണ്ടാൽ അറിയുന്ന 15 പേർക്കെതിരെയാണ് കേസ്.
പൂക്കോട്ടുംപാടം തട്ടിയേക്കൽ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ മുതുകുളവൻ ഫായിസ് (പാണ്ഡ്യൻ), മുതുകുളവൻ ജിഷാൻ എന്നിവർ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജിഷാന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്.
ബുധനാഴ്ച വൈകീട്ട് ഏഴിന് കടയിൽ ഇരിക്കുമ്പോൾ കാപ്പ ഉൾപ്പെടെയുള്ള കേസിലെ പ്രതിയായ ഫായിസിനെക്കുറിച്ച് നാട്ടുകാരുടെ ഭാഗത്തുനിന്ന് സംസാരമുണ്ടായി. മുൻകാല കേസുകളെക്കുറിച്ച് സംസാരിച്ചത് ചോദ്യം ചെയ്തതിന് പതിനഞ്ചോളം പേർ അക്രമിച്ചുവെന്നാണ് ജിഷാൻ മൊഴി നൽകിയത്. തടഞ്ഞുവെച്ച് കൈ കൊണ്ടും വടി കൊണ്ടും അടിച്ച് എല്ല് പൊട്ടിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ബുധനാഴ്ചത്തെ അടിയിൽ നിസ്സാരമായി പരിക്കുപറ്റിയ വല്ലാഞ്ചിറ ഉമൈർ വ്യാഴാഴ്ച നാട്ടിലെത്തി വീണ്ടും പ്രകോപനമുണ്ടാക്കിയതായി പറയപ്പെടുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഉമൈറിന്റെ മൊഴി എടുത്തിട്ടില്ല. ഉമൈറിന്റെ മൊഴി പ്രകാരം മറ്റൊരു കേസ് കൂടി സംഭവത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സംഘർഷം ഒഴിവാക്കാൻ ജാഗ്രത സമിതി
കാളികാവ്: ചോക്കാട് വാളക്കുളത്ത് നാട്ടുകാരും നിരവധി കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നാട്ടുകാർ ജാഗ്രത സമിതി വിളിച്ചു. ലഹരി ഉപഭോഗവും വിൽപനയും തടയാനും ലഹരി സംഘങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുന്നതിന് പൊലീസിനെ സഹായിക്കാനും ലക്ഷ്യമിട്ടാണ് സമിതി വിളിച്ചത്.
സംഘട്ടനത്തെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ നാട്ടുകാരെ തിരിച്ചടിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നിസ്സാരമായി പരിക്കേറ്റ ഉമൈർ ആശുപത്രി വിട്ടെത്തി വ്യാഴാഴ്ച നാട്ടുകാർക്കെതിരെ തിരിഞ്ഞിരുന്നു.
ആളില്ലാത്ത വീടുകളിലും, സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലും ക്രിമിനൽ സംഘം അതിക്രമണം കാട്ടാറുണ്ട്. ഇത്തരം സംഭവങ്ങൾ ഉൾപ്പടെ ഈ ക്രിമിനലുകളുടെ അക്രമണത്തിനിരയായവർ പലരും യോഗത്തിൽ സംബന്ധിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പൊലീസിന് കൈമാറിയാൽ അക്രമികളെ നിയന്ത്രിക്കാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. വാളക്കുളം നൂറുൽ ഹുദാ മദ്റസയിൽ ചേർന്ന യോഗത്തിൽ പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
പൊലീസ് ഇൻസ്പെക്ടർ എം. ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം, കെ.ടി. സലീന അധ്യക്ഷത വഹിച്ചു. എസ്.ഐമാരായ ശശിധരൻ വിളയിൽ, സുബ്രഹ്മണ്യൻ, കെ. അലവി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ്, സി.ടി. മുജീബു റഹ്മാൻ, ജോമോൻ, ടി. മധു, ടി.പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. പി. രാമകൃഷണൻ സ്വാഗതവും, കെ.ടി. മജീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.