അധ്യാപകനെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കൂളിൽ കയറി മർദിച്ചെന്ന് പരാതി
text_fieldsകാളികാവ്: ഉദരംപൊയിൽ ജി.എൽ.പി സ്കൂൾ അധ്യാപകനെ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിലുള്ള സംഘം സ്കൂളിൽ കയറി മർദിച്ചെന്ന് പരാതി. കല്ലാമൂല സ്വദേശി അലി അക്ബറിനാണ് മർദനമേറ്റത്. ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ഷൗക്കത്താണ് മർദിച്ചതായി പരാതിയുള്ളത്. കാളികാവ് പൊലീസ് ആശുപത്രിയിലെത്തി മൊഴിരേഖപ്പെടുത്തി. അലി അക്ബറിനെ കാളികാവ് സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ചോക്കാട് ഉദരംപൊയിൽ ജി.എൽ.പി സ്കൂളിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മുന്നറിയിപ്പോ അനുവാദമോ ഇല്ലാതെ സ്കൂളിൽ കുടുംബശ്രീ യോഗം കൂടാനെത്തിയ സ്ത്രീകളോട് സ്കൂൾ സമയത്ത് യോഗം നടത്താൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതാണ് പ്രശ്നമായതത്രെ.
പ്രധാനാധ്യാപിക സ്ഥലത്തില്ലാത്തതിനാൽ അലി അക്ബറിനായിരുന്നു താൽക്കാലിക ചുമതല. എന്നാൽ, താൻ അധ്യാപകനെ മർദിച്ചതായ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ഷൗക്കത്ത് പറഞ്ഞു. യോഗം നടത്താൻ സ്കൂളിലെത്തിയ കുടുംബശ്രീ അംഗങ്ങളോട് മോശമായി പെരുമാറി എന്ന പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നേരിട്ടെത്തിയ തന്നെ തള്ളി മാറ്റുകയും അസഭ്യം പറയുകയും ചെയ്തതായും പ്രസിഡൻറ് പറഞ്ഞു. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡൻറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യു.ഡി.എഫ് പ്രതിഷേധിച്ചു
കാളികാവ്: ചോക്കാട് പഞ്ചായത്ത് പ്രസിഡൻറിനെ കൈയ്യേറ്റം ചെയ്യാൻ ഉദരംപൊയിൽ ജി.എൽ.പി സ്കൂളിലെ അധ്യാപകൻ ശ്രമിച്ചതായി ആരോപിച്ച് യു.ഡി.എഫ് ഉദരംപൊയിൽ അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് മുപ്ര ഷറഫുദ്ദീൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി. ഹംസ കുഞ്ഞാപ്പു, കരുവാടൻ അബ്ദുൽ ഹമീദ്, ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, എൻ. സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു.
കെ.എസ്.ടി.എ പ്രതിഷേധം
കാളികാവ്: ഉദരംപൊയിൽ ജി.എൽ.പി സ്കൂൾ അധ്യാപകനെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ വണ്ടൂർ ഉപജില്ല കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരനായ അധ്യാപകനെ മർദിച്ച പഞ്ചായത്ത് പ്രസിഡൻറിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.എസ്.ടി.എ നേതാക്കളായ കെ. രവീന്ദ്രൻ, ടി.കെ. രത്നാകരൻ, കെ.പി. ഹരിദാസൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ഷൈജി ടി. മാത്യു, സുധ ടീച്ചർ, നന്ദൻ, പ്രഹ്ലാദൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.