കാളികാവ് ജങ്ഷനിൽ ജലവിതരണ പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ
text_fieldsകാളികാവ്: കാളികാവ് ജങ്ഷനിൽ മധുമല കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ദിവസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. ഒരു മാസത്തിനിടെ ഒരേ സ്ഥലത്ത് ഇത് രണ്ടാം തവണയാണ് പൊട്ടുന്നത്.
തിരക്കുള്ള ജങ്ഷനിൽ പൈപ്പ് നന്നാക്കാൻ വലിയ കുഴി എടുത്ത് പണി പൂർത്തീകരിക്കാതെ റോഡ് തുറന്നിട്ടിരിക്കുകയാണ്. അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വ്യാപാരികൾ. കാളികാവ് ജങ്ഷനിൽ തുടരെത്തുടരെ പൈപ്പ് പൊട്ടി വലിയ തോതിലാണ് വെള്ളം പാഴായത്. ഒരിക്കൽ പൊട്ടിയത് നന്നാക്കുന്നതിലെ അപാകതയാണ് വീണ്ടും പൊട്ടാൻ കാരണമെന്നാണ് ആക്ഷേപം.
രണ്ട് ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പിലാണ് പൊട്ടൽ വീണിരിക്കുന്നത്. തൊട്ടടുത്ത കടകളിലേക്ക് കയറുന്ന വഴി തടസ്സപ്പെട്ടതാണ് കച്ചവടക്കാർക്ക് പ്രയാസമായത്. ഇതിനുപുറമെ വണ്ടൂർ ഭാഗത്തേക്കുള്ള ബസ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്ഥലമാണ്. തിരക്കുള്ള സ്ഥലമായതിനാൽ വാഹനങ്ങളും യാത്രക്കാരും പ്രയാസത്തിലാണ്. അപകടക്കെണിയായി മാറുകയും ചെയ്ത കുഴി നികത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.