കളിച്ചുയരാൻ കാളികാവ്; വികസന പാതയിൽ ചെത്തുകടവ് മൈതാനം
text_fieldsകാളികാവ് ചെത്തുകടവ് മൈതാനം വികസനം തുടങ്ങിയപ്പോൾ
കാളികാവ്: സെവൻസ് ഫുട്ബാൾ കളിക്കളങ്ങളിലേക്ക് മിന്നുംതാരങ്ങളെ സംഭാവന ചെയ്ത കാളികാവിന് തിളങ്ങാൻ കൂടുതൽ ഭൗതിക സൗകര്യമൊരുങ്ങുന്നു. മലയോര നാടിന്റെ കായിക സ്വപ്നം യാഥാർഥ്യമാക്കി ചെത്തുകടവ് മൈതാനം നവീകരണ പാതയിൽ.
എ.പി. അനിൽകുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് നവീകരണം തുടങ്ങുന്നത്. ചുറ്റുമതിൽ നിർമാണമാണ് ആദ്യഘട്ടമായി നടക്കുക. മൈതാന നവീകരണ ആവശ്യവുമായി കാളികാവ് ഫ്രണ്ട്സ് ക്ലബ് നിവേദനങ്ങൾ നൽകിയിട്ടുണ്ട്.അമ്പലക്കുന്ന് മൈതാനത്തായിരുന്നു കാളികാവിലെ ഫുട്ബാൾ താരങ്ങളും അത് ലറ്റുകളുമെല്ലാം പരിശീലനം നേടിയിരുന്നത്.
ടൗണിനടുത്തുള്ള ചെത്തുകടവിൽ മൈതാനം വന്നതോടെ പരിശീലനത്തിന് കൂടുതൽ സൗകര്യമായി. നേരത്തേ പുറമ്പോക്ക് ഭൂമിയായിരുന്ന പുഴയോരത്തെ സ്ഥലം നാട്ടുകാർ പിടിച്ചെടുത്ത് പഞ്ചായത്തിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് മൈതാനത്തിന്റെ വിപുലീകരണത്തിന് സ്വകാര്യ വ്യക്തികളിൽനിന്ന് കൂടുതൽ ഭൂമി ഗ്രാമപഞ്ചായത്ത് പണം നൽകി സ്വന്തമാക്കുകയും ചെയ്തു.
പുഴയോട് ചേർന്ന താഴ്ന്ന മൈതാനത്ത് പുഴയിൽനിന്ന് വെള്ളം കയറുന്നത് പതിവാണ്. ഇത് തടയാനാണ് ഉയരത്തിലുള്ള സംരക്ഷണ ഭിത്തി നിർമിക്കുന്നത്.
സ്ഥിരം ഗാലറി അടക്കമുള്ള സൗകര്യങ്ങൾ ഭാവിയിൽ ഒരുക്കും. ചെത്തുകടവ് മൈതാനം പൂർണാർത്ഥത്തിൽ യാഥാർഥ്യമാവണമെങ്കിൽ കൂടുതൽ ഫണ്ട് ലഭ്യമാക്കേണ്ടതുണ്ട്. പ്രിയങ്ക ഗാന്ധിയിൽനിന്ന് എം.പി ഫണ്ടും ജില്ല പഞ്ചായത്ത് ഫണ്ടും ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നതായി നിർമാണച്ചുമതലയുള്ള കെ.കെ. കുട്ടൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.