കാത്തിരിപ്പിനൊടുവിൽ കുടിവെള്ളമെത്തി; പരുത്തിപ്പറ്റക്കാർ ആഹ്ലാദത്തിൽ
text_fieldsകാളികാവ്: ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും ശേഷം ചോക്കാട് പരുത്തിപ്പറ്റ കുടിവെള്ള പദ്ധതി യാഥാർഥ്യമായി. ജില്ല പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഒന്നര ലക്ഷത്തോളം രൂപ ഗ്രാമപഞ്ചായത്തും ചെലവഴിച്ചു. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ നാടിന് സമർപ്പിച്ചു. നേരത്തേ പല കുടിവെള്ള പദ്ധതികളും പ്രദേശത്തിനുവേണ്ടി സ്ഥാപിച്ചിരുന്നുവെങ്കിലും ഒരു പദ്ധതിയിലും പരുത്തിപ്പറ്റ നിവാസികൾക്ക് കുടിവെള്ളം ലഭിച്ചിരുന്നില്ല. എന്നാൽ, ഏറെ വിവാദങ്ങൾക്കും പഞ്ചായത്ത് ഓഫിസ് ഉപരോധം ഉൾപ്പെടെ സമരങ്ങൾക്കും ശേഷമാണ് പരുത്തിപ്പറ്റ കുടിവെള്ള പദ്ധതി യാഥാർഥ്യമായത്.
വെള്ളം ലഭിച്ചതോടെ പ്രദേശത്തുകാർ ഏറെ സന്തോഷത്തിലാണ്. വേനലായാൽ കുടിവെള്ളം ടാങ്കർ ലോറികളിലും മറ്റും എത്തിച്ചാണ് പ്രദേശത്തുകാർ കഴിഞ്ഞു പോന്നിരുന്നത്. മഴക്കാലത്ത് പോലും ശുദ്ധജലത്തിനായി ഏറെ നെട്ടോട്ടത്തിലായിരുന്നു പ്രദേശവാസികൾ. പദ്ധതിക്കുവേണ്ടി നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് കുടിവെള്ളം വിതരണം ചെയ്യാൻ സാധിച്ചത്.
വെള്ളം ലഭ്യമായതോടെ പഞ്ചായത്ത് പ്രസിഡന്റിനെ പ്രദേശത്തുള്ളവർ ഹാരമണിയിച്ച് ആദരിച്ചു. പദ്ധതിക്കുവേണ്ടി സ്ഥലം നൽകിയവരെ പഞ്ചായത്ത് പ്രസിഡന്റ് മൊമന്റോ നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീകലാ ജനാർദനൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ നീലാമ്പ്ര സിറാജുദ്ദീൻ, വൈദ്യർ റഷീദ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. റഊഫ, യു.ഡി.എഫ് നേതാക്കളായ കെ.വി. ഹമീദ്, എം.എ. ഹമീദ്, ടി.എ. സമീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.