ഏര്‍വാടിയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം; 1.20 കിലോ ഹാഷിഷുമായി വ്യാജസിദ്ധൻ പിടിയിൽ
text_fieldsപാണ്ടിക്കാട് (മലപ്പുറം): തമിഴ്നാട് ഏര്‍വാടിയിലെ ആത്മീയ ചികിത്സയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ കാളികാവ് സ്വദേശി പിടിയിൽ. ഒരു 1.20 കിലോഗ്രാം ഹാഷിഷുമായി കാളികാവ് അമ്പലക്കടവ് സ്വദേശി കോയക്കുട്ടിതങ്ങളെ(52)യാണ് പൊലീസ് പിടികൂടിയത്. പാണ്ടിക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ നിന്നും ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ മാരകശേഷിയുള്ള മയക്കുമരുന്നുകള്‍ തമിഴ്നാട്ടിലെ ഏര്‍വാടി കേന്ദ്രീകരിച്ച് ആത്മീയ ചികിത്സയുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍റുമാര്‍ മുഖേന കേരളത്തിലെത്തിച്ചാണ് വില്‍പന നടത്തുന്നത്. ഇത്തരം സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം. സന്തോഷ് കുമാര്‍, പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസും ജില്ല ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോയക്കുട്ടിതങ്ങള്‍ വലയിലായത്. പാണ്ടിക്കാട് എസ്.ഐ. അരവിന്ദനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്ര, ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്നും തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ചാണ് മയക്കുമരുന്നുകള്‍ ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തെത്തിച്ചു കൊടുക്കുന്നത്. യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വർധിച്ചുവരുന്നുണ്ട്. വന്‍ ലാഭം ലക്ഷ്യം വച്ച് ചിലര്‍ ഇത്തരം മയക്കുമരുന്ന് വില്‍പനയിലേക്ക് കടക്കുന്നതായും ജില്ല പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. പാണ്ടിക്കാട് ജൂനിയര്‍ എസ്.ഐ. തുളസി, എ.എസ്.ഐ സെബാസ്റ്റ്യന്‍, എസ്.സി.പി.ഒമാരായ ഷൈലേഷ്, അശോകന്‍ , സി.പി.ഒമാരായ ഷമീര്‍, ഷൈജു, ജയേഷ്, സുമേഷ്, ശ്രീജിത്ത്, ഷൈജുമോന്‍ എന്നിവരും പെരിന്തല്‍മണ്ണ സ്‍പെഷൽ സ്ക്വാഡും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.