ജലനിധിയിൽ പോയത് എട്ടുകോടി; ജൽജീവൻ പദ്ധതി വരുമെന്ന പ്രതീക്ഷയിൽ ചോക്കാട്ടുകാർ
text_fieldsകാളികാവ്: കുടിവെള്ളം മോഹിച്ച് ജലനിധി പദ്ധതിക്കുവേണ്ടി ചോക്കാട്ടെ ജനങ്ങൾ പണം കൊടുത്ത് കാത്തിരുന്നത് എട്ടുവർഷം. ഇതിനായി ജനങ്ങളും പഞ്ചായത്തും ചെലവഴിച്ചത് എട്ടുകോടി. ഒടുവിൽ കൊടുത്ത പണവുമില്ല, വെള്ളവുമില്ല. അതിനിടെ 43 കോടിയുടെ വമ്പൻ പ്രോജക്ടുമായി ജൽജീവൻ പദ്ധതി ചോക്കാട്ട് നിർമാണ പ്രവൃത്തി തുടങ്ങി.
3,100 രൂപ ഗുണഭോക്തൃ വിഹിതമായി 1,700 പേരിൽനിന്ന് തുക പിരിച്ചെടുത്താണ് ജലനിധി പദ്ധതിയുടെ നിർമാണ പ്രവൃത്തി തുടങ്ങിയത്. എന്നാൽ, ഒരുദിവസം പോലും വെള്ളം നൽകാൻ പദ്ധതിക്കായില്ല. ഇതിനു വേണ്ടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പിടുകയും ടാപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ചാലിയാറിലെ വെള്ളം ഉപയോഗിച്ച് ജൽജീവൻ പദ്ധതിക്കുവേണ്ടിയുള്ള നിർമാണ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. വാട്ടർ അതോറിറ്റി നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ 50 ലക്ഷം കുടുംബങ്ങൾക്ക് ഇതുവഴി കുടിവെള്ളം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. നേരത്തേ അടച്ച തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ചോക്കാട്ടെ ജലനിധി ഗുണഭോക്താക്കൾ ഉപഭോക്തൃ കോടതിയെ സമീപിച്ചു. ഇതേതുടർന്ന് അടച്ച തുകയും പലിശയുമടക്കം തിരിച്ചുനൽകാൻ കഴിഞ്ഞ വർഷം കോടതി ഉത്തരവായി. എന്നാൽ, ഇതുവരെ ഉത്തരവ് നടപ്പായില്ല.
കൂടാതെ ജലനിധിയിൽ അംഗമായവർക്ക് ജൽജീവൻ പദ്ധതിയിൽ കണക്ഷൻ ലഭിക്കില്ലെന്നും ആശങ്കയുണ്ട്. പഞ്ചായത്തിന്റെ മുഴുവൻ ഭാഗങ്ങളിലും വെള്ളം ലഭ്യമാക്കാൻ ഏറ്റവും ഉയരം കൂടിയ ഭാഗത്ത് ചിങ്കക്കല്ല് മലവാരത്തിലും 40 സെന്റിലും രണ്ടു ഭീമൻ ടാങ്കുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലവും കണ്ടെത്തി. അതേസമയം, ചോക്കാട് ജലനിധി പദ്ധതി ഇനി ഒരിക്കലും പ്രവർത്തനക്ഷമമാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മലയോര ഹൈവേയുടെ നിർമാണ ഭാഗമായി പ്രധാന പൈപ്പ് ലൈനുകൾ മുഴുവനും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ജലനിധി പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയും പഞ്ചായത്തും പഴിചാരി കാലം കഴിച്ചുകൂട്ടുകയാണ്. പഞ്ചായത്തും ജലനിധി ഏജൻസിയും തമ്മിൽ നേരത്തേ ഒത്തുകളിച്ചെന്നും ഗുണഭോക്താക്കൾക്ക് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.