ആധാറിൽ വട്ടംകറക്കുന്ന പിശകുകൾ; വലഞ്ഞ് ജനം
text_fieldsകാളികാവ്: കാളികാവ്-ചോക്കാട് പഞ്ചായത്തുകളിലുള്ളവരുടെ ആധാറുകളിലെ വില്ലേജ് ടൗൺ സെന്ററുകളിലെ (വി.ടി.സി) മാറ്റവും ചോക്കാട് എന്നതിലെ അക്ഷരത്തെറ്റും ജനങ്ങളെയും ജീവനക്കാരെയും വലക്കുന്നു.
ഒരു പോസ്റ്റ് ഓഫിസിന്റെ പരിധിയിൽ തന്നെ വിവിധ വില്ലേജുകൾ വരുമെങ്കിലും ആധാറിൽ വി.ടി.സി എല്ലാവർക്കും ഒറ്റ പേരാണുള്ളത്. ആധാർ കാർഡ് തുടങ്ങിയ കാലം മുതൽക്കേ ചോക്കാട് വില്ലേജ് ഓഫിസിന്റെ പേരിൽ വന്നിട്ടുള്ള അക്ഷരത്തെറ്റ് ഇപ്പോഴും തിരുത്തിയിട്ടില്ല.
ചോക്കാട് എന്നതിന് പകരം ചെക്കോട് എന്നാണ് ഉള്ളത്. ഇംഗ്ലീഷിലായതിനാൽ ചീക്കോട് എന്നും വായിക്കാം.
ഇത് ചോക്കാടെന്ന് മാറ്റിക്കിട്ടാൻ അക്ഷയ സെന്ററുകൾ പല ശ്രമങ്ങൾ നടത്തിയെങ്കിലും പരിഹരിച്ചിട്ടില്ല.
ഇതിനു പുറമെ പോസ്റ്റ് ഓഫിസുകളുടെ പരിധിയിൽ ഒന്നിലധികം വില്ലേജുകൾ വരുമെങ്കിലും ഒരു വില്ലേജ് ഓഫിസിന്റെ പേര് മാത്രമാണ് ഇപ്പോഴും ഉള്ളത്. അഞ്ചച്ചവിടി പോസ്റ്റ് ഓഫിസ് പരിധിയിൽ കാളികാവ്, വെള്ളയൂർ, വണ്ടൂർ വില്ലേജുകളിൽപ്പെട്ടവരുണ്ട്. എന്നാൽ ആധാറിൽ എല്ലാവരുടെയും വി.ടി.സി കാളികാവ് എന്നാണുള്ളത്.
കൂരാട് പോസ്റ്റ് ഓഫിസ് പരിധിയിൽ വണ്ടൂർ, കാളികാവ്, ചോക്കാട്, വെള്ളയൂർ വില്ലേജ് ഓഫിസുകളുണ്ടെങ്കിലും എല്ലാവരുടെയും വി.ടി.സി വണ്ടൂർ എന്നാണ്. മമ്പാട്ടുമൂല, പുല്ലങ്കോട് പോസ്റ്റ് ഓഫിസ് പരിധിയിൽ കാളികാവ്, ചോക്കാട് വില്ലേജ് ഓഫിസുകളാണുള്ളത്. എന്നാൽ എല്ലാവരുടെയും വി.ടി.സി ചെക്കോട് എന്നാണ്. ചോക്കാട് എന്നതിന് പകരം ചെക്കോട് എന്നായതിന് പുറമെ കാളികാവ് എന്നതിന് പകരവും ചെക്കോടായി.
ഇത് തിരുത്താൻ ഉദരംപൊയിൽ സ്വദേശി വി.പി. ഖാദർ മാനു ചോക്കാട് പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആധാർ കാർഡിൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി വന്നിട്ടുളള തെറ്റുകൾ തിരുത്താൻ നിരവധി പരാതികൾ നൽകിയെങ്കിലും തിരുത്താൻ അധികൃതർ തയാറായിട്ടില്ലെന്ന് കാളികാവ് അക്ഷയ സെന്റർ ഉടമ സി. ഷൗക്കത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.