ആദിവാസികളെ വട്ടംകറക്കി പഞ്ചായത്ത്: ഒടുവിൽ കെട്ടിട നമ്പർ
text_fieldsകാളികാവ്: കെട്ടിട നമ്പർ നൽകാൻ പഞ്ചായത്ത് തയാറാവാത്തതിനാൽ വീട് പണി വൈകിയ ആദിവാസികൾക്ക് ഒടുവിൽ അശ്വാസം. ചോക്കാട് പഞ്ചായത്ത് നെല്ലിയാംപാടം, കളക്കുന്ന് കോളനിക്കാരാണ് കെട്ടിട നമ്പർ കിട്ടാത്തതിനാൽ വലഞ്ഞിരുന്നത്. കളക്കുന്ന് കോളനിയിലെ ശ്രീനിവാസൻ, ശാരദ, സുരേഷ്, രാധിക എന്നിവരുടെ വീടുകൾക്കാണ് പ്രശ്നമുണ്ടായിരുന്നത്. ഇവരുടെ ആധാരത്തിൽ പറമ്പ് എന്നും എന്നാൽ വില്ലേജ് രേഖയിൽ നിലമെന്നുമാണ് കാണുന്നത്.
2015ൽ സ്ഥലം ലഭ്യമായതും വീട് വെച്ചതുമാണ്. എന്നാൽ, ഇതുവരെ വീട്ടുനമ്പർ നൽകിയിരുന്നില്ല. ഇതോടെ ഫണ്ട് ലഭ്യതക്ക് തടസ്സം വന്ന് വീട് നവീകരണം മുടങ്ങി. നെല്ലിയാംപാടം കോളനിയിലെ ഒടുക്കന്റെ ഭാര്യ ചക്കി, പെരകന്റെ മകൾ തങ്ക എന്നിവരുടെ വീടാണ് നിർമാണം പൂർത്തിയാക്കാനാകാതെ കിടക്കുന്നത്. കോളനി വീടുകൾക്ക് ലൈഫ് പദ്ധതിയുടെ നാലുലക്ഷത്തിന് പുറമെ രണ്ടു ലക്ഷവും ലഭിക്കും. ഇതിന് പഞ്ചായത്തിന്റെ വീട്ടുനമ്പർ നൽകണം.
ഈ നമ്പറിന് അപേക്ഷ നൽകിയെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം കാണിക്കുന്ന രേഖ നൽകിയില്ല എന്നുപറഞ്ഞ് നമ്പർ നൽകാൻ പഞ്ചായത്ത് സെക്രട്ടറി തയാറായിരുന്നില്ല. എന്നാൽ, വീട് നിർമാണത്തിന് പെർമിറ്റ് നൽകിയത് ഇതേ പഞ്ചായത്ത് തന്നെയാണ്. വാർഡ് മെംബർമാരായ ഷാഹിന ബാനു, കെ.ടി. സലീന, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.ടി മജീദ് എന്നിവരുടെ ഇടപെടലാണ് ആദിവാസികൾക്ക് തുണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.