ബ്രിട്ടീഷ് കിരാതവാഴ്ചക്കെതിരെ പോരാട്ടം: പിതാവിന് ലഭിച്ച താമ്രപത്രവുമായി മുഹമ്മദലി
text_fieldsകാളികാവ്: മലബാർ സമര ഭാഗമായി നടന്ന തീപാറും പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഒന്നരപ്പതിറ്റാണ്ടിലേറെ അന്തമാന്‍ ജയിലില്‍ നരക ജീവിതം നയിച്ച ചോക്കാട്ടെ ചാലുവള്ളി അലവിക്ക് രാഷ്ട്രം നല്കിയ താമ്രപത്രം അമൂല്യസ്വത്തായി സൂക്ഷിച്ച് മകന് മുഹമ്മദലി.
1972ല്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയാണ് രാജ്യത്തിെൻറ സ്വതന്ത്ര്യത്തിെൻറ 25ാം വാർഷികത്തിൽ സ്വാതന്ത്ര്യസമരത്തിന് നൽകിയ സംഭാവന മുൻനിർത്തി അലവിക്ക് താമ്രപത്രം നൽകിയത്.
1921ൽ ഏറനാട്ടില്‍ വെള്ളപ്പട്ടാളം നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടത്തിയ വീറുറ്റസമര പോരാട്ടങ്ങളില്‍ കിഴക്കൻ ഏറനാട്ടിൽ മാപ്പിളമാർ തിരിച്ചടിച്ചു.
പാണ്ടിക്കാട് പട്ടാള ക്യാമ്പ് മാപ്പിളമാർ ആക്രമിച്ചു. പുല്ലങ്കോട് വെടിവെച്ചപാറയിൽ ഗൂര്‍ഖാപട്ടാളവുമായി ഒളിപ്പോര് യുദ്ധം നടന്നു. സമരങ്ങളിൽ അലവിയും പങ്കാളിയായി. തോട്ടം തൊഴിലാളികളായ പാവങ്ങളെ തിരണ്ടി വാൽകൊണ്ട് അടിക്കുന്നതുൾെപ്പടെയുള്ള ക്രൂരതകൾ ചെയ്ത അന്നത്തെ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജര്‍ എസ്.വി ഈറ്റണെ മാപ്പിളമാർ കൊലപ്പെടുത്തി.
തുടർന്ന് മാപ്പിളമാരെ തിരഞ്ഞുപിടിച്ച് ജയിലിലടച്ചു. കേസിലെ ഏഴാംപ്രതിയായി അലവിയും പിടിക്കപ്പെട്ടു. ഒന്നാം പ്രതി പിതാമഹൻ രായിനായിരുന്നു. അലവിയേയും പിതാമഹന് രായിനേയും ആദ്യം ബെല്ലാരി ജയിലിലും പിന്നീട് കടല്‍കടത്തി അന്തമാന്‍ നിക്കോബാറിലെ കൂരിരിട്ടുള്ള സെല്ലുലാർ ജയില്‍ മുറിയിലേക്കും മാറ്റുകയായിരുന്നു.
ക്രൂരമായ ശിക്ഷകളാണ് ജയിലിൽ മാപ്പിളമാർ നേരിട്ടത്. അന്തമാൻ ജയിലിൽ രായിന്‍ മരണപ്പെട്ടു. 18 വര്‍ഷത്തെ ശിക്ഷാ കാലാവധിക്ക് ശേഷം അലവി നാട്ടിലെത്തി കുടുംബത്തോടൊപ്പം ചേര്‍ന്നു. 1994ല്‍ 98ാം വയസ്സിലാണ് അലലി മരിക്കുന്നത്.
പിതാവിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്കുന്ന സ്വാതന്ത്ര്യസമര പെന്ഷന് ഇപ്പോള്‍ ലഭിക്കുന്നത് മുഹമ്മദലിയോടൊപ്പം കഴിയുന്ന സഹോദരി പാത്തുമ്മയുടെ പേരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.