കളക്കുന്ന് കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണി ഫണ്ട് വൈകി; പ്രതിഷേധവുമായി ആദിവാസികൾ
text_fieldsകാളികാവ്: വീടുകളുടെ അറ്റകുറ്റപ്പണി ഫണ്ട് തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ചോക്കാട് കളക്കുന്ന് കോളനിയിലെ ആദിവാസികൾ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലും വില്ലേജ് ഓഫിസിലുമെത്തി പ്രതിഷേധിച്ചു. ഒടുവിൽ വീട്ടുനമ്പർ നൽകാമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകുകയായിരുന്നു.
കളക്കുന്ന് കോളനിയിലെ കോളനിയിലെ ശ്രീനിവാസൻ, ശാരദ, സുരേഷ്, രാധിക എന്നിവരുടെ വീടുകൾ നവീകരിക്കാനാണ് നിയമ തടസ്സമുണ്ടായത്. ഇവരുടെ ആധാരത്തിൽ പറമ്പെന്നും വില്ലേജ് രേഖയിൽ നിലം എന്നുമാണ് കാണുന്നത്.
2015ൽ സ്ഥലം ലഭ്യമായി വീട് വെച്ചതാണെങ്കിലും ഇതുവരെ ഈ കുടുംബങ്ങൾക്ക് കെട്ടിടനമ്പർ നൽകിയിട്ടില്ല. ഇത് കാരണമാണ് ഫണ്ട് അനുവദിക്കാൻ തടസ്സം നേരിട്ടത്. പട്ടികവർഗ വകുപ്പ് നിർമിച്ച വീടുകൾക്ക് കെട്ടിടനമ്പറില്ലാത്തതിനാൽ തുടർപ്രവൃത്തികൾക്ക് ഫണ്ട് അനുവദിക്കാൻ പ്രയാസമാണെന്നായിരുന്നു അധികൃതരുടെ നിലപാട്.
പലതവണ പഞ്ചായത്ത് അംഗം ഷാഹിന ബാനുവും ആദിവാസികളും ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഷാഹിന ബാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ വില്ലേജ്, ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ പ്രതിഷേധവുമായെത്തുകയായിരുന്നു.
ഒടുവിൽ ഈ മാസം 23ന് കെട്ടിട നമ്പർ അനുവദിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി രവിശങ്കർ സമ്മതിച്ചതായി ഷാഹിനാ ബാനു അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.