മലയോരത്ത് കനത്ത മഴ; കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറി
text_fieldsകാളികാവ്: കനത്ത മഴയിൽ മലയോര മേഖലയിലെ പുഴകളും തോടുകളും കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ധാരാളം കൃഷിസ്ഥലങ്ങളും ഏതാനും വീടുകളും വെള്ളം കയറിയവയിൽ ഉൾപ്പെടും.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കാളികാവ് മങ്കുണ്ടിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. സ്രാമ്പിക്കല്ല് അങ്ങാടിയിലും വെള്ളം കയറി. ചിലയിടങ്ങളിൽ പുഴ ഗതിമാറി ഒഴുകുകയും ചെയ്തിട്ടുണ്ട്. കൃഷിഭൂമി മണ്ണിട്ട് നികത്തുകയും പുഴകളും തോടുകളും കൈയേറ്റം കാരണം വീതി കുറയുകയും ചെയ്തതോടെ ചെറിയ മഴക്ക് പോലും വെള്ളപ്പൊക്കം സംഭവിക്കുകയാണ്.
കരുവാരകുണ്ട്: തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച കനത്ത മഴയിൽ കരുവാരകുണ്ട്, തുവ്വൂർ മേഖലകളിലെ പുഴകൾ കരകവിഞ്ഞു. റോഡും തോട്ടങ്ങളും വെള്ളത്തിലായതോടെ വാഹന ഗതാഗതവും കാൽനടയും പലയിടത്തും മുടങ്ങി. മലവെള്ളപ്പാച്ചിലിൽ കല്ലൻപുഴ കരകവിഞ്ഞതോടെ തോട്ടങ്ങൾ വെള്ളത്തിലായി. തോടുകൾ നിറഞ്ഞത് ചില വീടുകളെയും ഭീഷണിയിലാക്കി. മരങ്ങൾ ഒലിച്ചുവന്നതോടെ മണ്ണിടിച്ചിലുമുണ്ടായി.
കൈവരിയും അപ്രോച്ച് റോഡും തകർന്ന ചെമ്പൻകാട് പാലംവഴിയുള്ള കാൽനടയും മുടങ്ങി. ഒലിപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. കൽക്കുണ്ട് അട്ടിയിൽ നടപ്പാലം ഭീഷണിയിലായത് വനിതകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ ഏറെ നേരം പ്രയാസത്തിലാക്കി. മാമ്പറ്റ, കുണ്ടോട, ചിറക്കൽകുണ്ട് എന്നിവിടങ്ങളിൽ പുഴ കവിഞ്ഞു.
രാത്രിലും മഴ തുടരുന്നതിനാൽ മലയോര കുടുംബങ്ങൾ ആശങ്കയിലായി. തുവ്വൂരിൽ മാതോത്ത് കോസ്വേയിൽ വെള്ളം കയറിയതിനാൽ വാഹന ഗതാഗതം ഏറെ നേരം നിലച്ചു. ഓട്ടോയും ബൈക്കും ചിലർ സാഹസപ്പെട്ട് കടത്തിവിടുകയായിരുന്നു. ഇവിടെ പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെയും അധികൃതർ പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.