മലയോരപാത: ചോക്കാട് അങ്ങാടിയിൽ വീതി 15 മീറ്ററിന് ശ്രമം
text_fieldsകാളികാവ്: ചോക്കാട് അങ്ങാടിയിൽ മലയോരപാത 15 മീറ്റർ വീതിയാക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. എന്നാൽ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വിഷയം പഠന വിധേയമാക്കി നടപ്പിൽ വരുത്താൻ ജനകീയ സമിതി രൂപവത്കരിച്ചിരുന്നു.
ഈ സമിതിയുടെ നേതൃത്വത്തിലാണ് നിലവിലെ റോഡിൽനിന്ന് 15 മീറ്റർ വീതി കൂട്ടുന്നതിനുള്ള പരിശോധന നടന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് റോഡ് അളന്ന് തിട്ടപ്പെടുത്തുന്നത്. ഈ അളവിന്റെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ കെട്ടിട ഉടമകളുടെ നേതൃത്വത്തിൽ ചർച്ച നടത്തി തീരുമാനത്തിലെത്താനാണ് നീക്കം. നേരത്തേ കെട്ടിട ഉടമകളുടെ യോഗത്തിൽ തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം, ചോക്കാട് അങ്ങാടിയിൽ റോഡ് 15 മീറ്റർ വീതി അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് കെട്ടിട ഉടമസ്ഥ സംഘം എന്നാണറിയുന്നത്.
റോഡ് വീതി കൂട്ടുന്നതിനെതിരെ കെട്ടിട ഉടമകൾ രംഗത്ത്
കാളികാവ്: ചോക്കാട് അങ്ങാടിയിൽ റോഡ് വീതി കൂട്ടുന്നതിനെതിരെ പരാതിയുമായി കെട്ടിട ഉടമകൾ രംഗത്ത്. കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ചോക്കാട് യൂനിറ്റാണ് റോഡ് 12 മീറ്ററിൽ നിന്ന് 15 മീറ്ററാക്കി വീതി കൂട്ടുന്നതിനെതിരെ രംഗത്തുവന്നത്. വീതി കൂട്ടുന്നതോടെ നിരവധി കെട്ടിട ഉടമകൾ പ്രതിസന്ധിയിലാകുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പല കെട്ടിട ഉടമകളും വളരെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
പലരുടെയും ഏക വരുമാന മാർഗം കൂടിയാണ് അങ്ങാടിയിലെ കെട്ടിടങ്ങൾ എന്നതിനാൽ പൊളിച്ചാൽ ഉടമകൾ പ്രതിസന്ധിയിലാകും. കെട്ടിട ഉടമകൾ ഇത് സംബന്ധിച്ച് രേഖാമൂലം അധികൃതർക്ക് കത്ത് കൊടുത്തിട്ടുണ്ട്. റോഡ് 12 മീറ്ററാക്കി എത്രയും പെട്ടന്ന് പണി പൂർത്തീകരിക്കണം. അഴുക്ക് ചാൽ ആഴം കൂട്ടുകയും സ്ളാബ് താഴ്ത്തിയിടുകയും ചെയ്യണം.
ഓട്ടോറിക്ഷകൾ റോഡിൽ കടകൾക്ക് മുന്നിൽ നിർത്തിയിടുന്നതിന് പകരം പഞ്ചായത്ത് സ്റ്റാൻഡ് ഉണ്ടാക്കി നൽകണമെന്നും ബിൽഡിങ് ഉടമകൾ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ പി.പി. അലവിക്കുട്ടി, പുല്ലാണി മുഹമ്മദ് കോയ, മാട്ടറ നൗഫൽ, വാളാഞ്ചിറ ബഷീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.