ചേനപ്പാടിക്കാർക്ക് കുടിവെള്ളം എങ്ങനെ കിട്ടും?
text_fieldsകാളികാവ്: ചേനപ്പാടി എസ്.സി നഗറിലെ ഗുണഭോക്താക്കളുടെ കുടിവെള്ള പ്രശ്നത്തിന് രണ്ടുവർഷമായി പരിഹാരമായില്ല. പ്രതിഷേധവുമായി നാട്ടുകാർ. 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ മുടക്കി കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കിയത്. 2022 ജനുവരി 25ന് ഉദ്ഘാടനം ചെയ്ത പദ്ധതി മൂന്നുമാസം മാത്രമാണ് ഗുണഭോക്താക്കൾക്ക് വെള്ളം ലഭിച്ചത്. കുഴൽ കിണറിന്റെ പൈപ്പിൽ സാമൂഹിക വിരുദ്ധർ കല്ലിട്ട് നശിപ്പിച്ച് കുടിവെള്ളം തടസ്സപ്പെട്ടിട്ട് രണ്ടര വർഷമായി. അറ്റകുറ്റപ്പണി നടത്തേണ്ട ചോക്കാട് പഞ്ചായത്ത് ഇതുവരെയായും ഒന്നും ചെയ്തിട്ടില്ല.
ഗുണഭോക്താക്കൾ പഞ്ചായത്ത് സെക്രട്ടറിക്കും നവകേരള സദസ്സിലും പരാതി നൽകിയെങ്കിലും ചോക്കാട് പഞ്ചായത്ത് സെക്രട്ടറി സർക്കാറിനെയും ഗുണഭോക്താക്കളെയും തെറ്റിദ്ധരിപ്പിച്ചുള്ള മറുപടിയാണ് നൽകിയത്.
ചോക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചില തൽപരകക്ഷികളുടെ സമ്മർദങ്ങൾക്ക് വഴങ്ങി പാവപ്പെട്ട എസ്.സി വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. കേടുവരുത്തിയ പദ്ധതി രണ്ടര വർഷമായിട്ടും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപണി നടത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇനിയും അവഗണന തുടർന്നാൽ സമരപരിപാടികൾക്ക് സി.പി.എം നേതൃത്വം നൽകുമെന്ന് മുൻ ഗ്രാമപഞ്ചായത്തംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ കെ.എസ്. അൻവർ പറഞ്ഞു.
സി. ബിന്ദു, പി. പ്രിൻസില, സി. കല്യാണി, പി. പ്രകാശ്, മുജീബ് തടിയൻ, പി. ഷാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.