പകർച്ചവ്യാധി പ്രതിരോധം; ആരോഗ്യ വകുപ്പ് കാളികാവിൽ മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു
text_fieldsകാളികാവ്: പകർച്ചവ്യാധികൾക്കെതിരെ ഊർജിത പ്രതിരോധപ്രവർത്തനവുമായി ആരോഗ്യ വകുപ്പ്. കാളികാവിൽ മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു. വെള്ളത്തിൽ മാലിന്യം കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മലയോരമേഖലയിൽ മഞ്ഞപ്പിത്തം, വയറിളക്കം, ഛർദ്ദി, വൈറൽ പനി എന്നിവ പടർന്ന സാഹചര്യത്തിലാണ് പരിശോധന ഊർജിതമാക്കിയത്.
താഴ്ന്ന സ്ഥലങ്ങളിലെ കിണറുകളിൽ വ്യാപകമായി കോളിഫോം ബാക്ടീരിയകൾ ക്രമാതീതമായി കലർന്നതായി പരിശോധനയിൽ കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തിലാണ് ചെങ്കോട് ഭാഗത്തെ ഹോട്ടലുകൾ പൂട്ടിച്ചത്. സമീപകാലത്ത് ഇരുനൂറിലേറെ മഞ്ഞപ്പിത്ത കേസുകളാണ് കാളികാവ് സി.എച്ച്.സിക്കു കീഴിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
കിണറുകൾ മുഴുവനും പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് തീരുമാനം. കാളികാവ് ബ്ലോക്കിന് കീഴിലെ ഹോട്ടൽ, കൂൾബാർ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കടയുടമകളുടെ യോഗം വിളിക്കാനും തീരുമാനിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ ബി. ശശികുമാർ പറഞ്ഞു.
കുടുംബശ്രീയുടെ സഹകരണത്തോടെ ഓരോ വാർഡിലേയും ഇരുപത് വീടുകളുടെ ഗ്രൂപ്പിന് ഒരു വളന്റിയർ എന്ന തോതിൽ തിരിച്ച് ശുചീകരണവും ഊർജിതമാക്കി. ജനം തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ കക്കൂസിന് സെപ്റ്റിക് ടാങ്ക് ഉപയോഗിക്കണമെന്ന് ഹെൽത്ത് ഇൻസ് പെക്ടർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.