കൂലിവേലയെടുത്ത് പഠിച്ചു, ഇർഷാദ് അടുത്തവർഷം ഡോക്ടർ; ഇത് പരിഹസിച്ചവരോടുള്ള മധുരപ്രതികാരം
text_fieldsകൂലിവേലയെടുത്ത് പണം സ്വരൂപിച്ച് പഠിച്ച ഇര്‍ഷാദ്, അടുത്ത വര്‍ഷം മുതല്‍ ഡോക്ടറാണ്. തന്നെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച കൂലിപ്പണിക്കാരനായ പിതാവിനെ പരിഹസിച്ചവരോടുള്ള മധുരപ്രതികാരം കൂടിയാണിത്. കാളികാവ് പള്ളിശ്ശേരിയിലെ കരിപ്പായി അബ്ദുല്‍ അസീസിെൻറയും ഖൈറുന്നിസയുടെയും നാലു മക്കളില്‍ മൂത്തവനായ ഇര്‍ഷാദ് കൂലിപ്പണി ചെയ്താണ് ഇപ്പോഴും പഠനത്തിന് വരുമാനം കണ്ടെത്തുന്നത്.
ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദകോളേജില്‍ ബി.എ.എം.എസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ്. പഠനച്ചെലവിനായി പിതാവ് പലരോടും വായ്പ ചോദിച്ചു. മകനെ സാമ്പത്തിക ചെലവില്ലാത്ത എന്തെങ്കിലും പഠിപ്പിച്ചുകൂടെ എന്ന മറുപടിയാണ് പലരില്‍നിന്നും ലഭിച്ചത്. ഇതോടെ പിതാവിനെ ബുദ്ധിമുട്ടിക്കാതെയും സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെയും പഠിക്കാന്‍ ഇര്‍ഷാദ് തീരുമാനിക്കുകയായിരുന്നു.
പ്ലസ്ടു വരെ ഐസ് വില്പന നടത്തിയും മണല്‍വാരിയുമായിരുന്നു അവൻ പഠിച്ചത്. മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്കും പിന്നെ കോളേജില്‍ പഠിക്കാനും പണം തികയില്ല എന്നു വന്നപ്പോള്‍ ഭേദപ്പെട്ട കൂലി ലഭിക്കുന്ന കെട്ടിടനിര്‍മാണ തൊഴിലിലേക്കിറങ്ങി. പഠനത്തിലെ ആത്മാര്‍ഥത തൊഴില്‍രംഗത്തും ഇര്‍ഷാദ് കാണിച്ചു. തൊഴിലിടങ്ങളില്‍ അവന് പ്രത്യേക പരിഗണന ലഭിക്കുന്നു. ഹോട്ടല്‍, കെട്ടിടനിര്‍മാണം, സിമൻറ് കട്ട നിര്‍മാണം തുടങ്ങി എല്ലാ മേഖലകളിലും ഒഴിവു സമയങ്ങളില്‍ പണിയെടുത്തു.
ഡോക്ടറാവണം എന്ന ഒറ്റ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പരിഹാസങ്ങള്‍ പ്രചോദനമാക്കി രാപകല്‍ കഠിനാധ്വാനം ചെയ്യുകയാണ് ഇര്‍ഷാദ്. ലോക്ക് ഡൗണ്‍ കാലവും ഇര്‍ഷാദിന് ദോഷമല്ല, മറിച്ച് പണം സ്വരൂപിക്കാനും പഠിക്കാനും കൂടിയുള്ള സമയം ഇര്‍ഷാദിന് ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.