പകർച്ച വ്യാധികൾ തടയൽ; ഐസൊലേഷൻ സൗകര്യമില്ലാതെ മലയോര മേഖല
text_fieldsകാളികാവ്: പകർച്ച വ്യാധികൾ വ്യാപിക്കുമ്പോൾ കരുതലായി ഐസൊലേഷൻ വാർഡ് സൗകര്യമൊരുക്കണമെന്ന നിർദേശം പാലിക്കാതെ മലയോര മേഖലയിലെ ആരോഗ്യകേന്ദ്രങ്ങൾ. മഞ്ഞപ്പിത്തം, കോളറ, ഡെങ്കിപ്പനി തുടങ്ങിയ മാരക പകർച്ച വ്യാധികൾ ബാധിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് കിടത്തി ചികിത്സിക്കാനാണ് ഐസൊലേഷൻ വാർഡുകൾ വേണ്ടിവരുന്നത്. ഹാനികരമായ അണുബാധ മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുള്ള രോഗികളെ ഒറ്റപ്പെടുത്തി പരിരക്ഷിക്കുന്നതിനും ചികിത്സിക്കാനും ഐസൊലേഷൻ വാർഡുകൾ ഉപയോഗിക്കുന്നു.
പ്രധാന ആശുപത്രികൾക്ക് പുറത്ത്, തിരക്കില്ലാത്ത സ്ഥലങ്ങളിലാണ് ഇവ സ്ഥാപിക്കേണ്ടത്. എന്നാൽ മലയോര മേഖലയിലെ മിക്ക സി.എച്ച്.സികളിലും ഈ സൗകര്യമില്ല. കാളികാവ്, ചോക്കാട് അടക്കമുള്ള പ്രദേശങ്ങൾ ആശ്രയിക്കുന്ന വണ്ടൂർ താലൂക്ക് ആശുപത്രിയിലും നിലവിൽ ഐസൊലേഷൻ വാർഡ് ലഭ്യമല്ല.
പകർച്ചവ്യാധികൾ പിടിപെടുന്ന രോഗികൾക്ക് നിലമ്പൂർ ജില്ല ആശുപത്രി, മെഡിക്കൽ കോളജുകൾ എന്നിവയിൽ മാത്രമേ കിടത്തി ചികിത്സാ സൗകര്യം ലഭിക്കുന്നുള്ളൂ. ഐ.പി ചികിത്സാ സൗകര്യമില്ലാത്ത കരുവാരകുണ്ട് സ്ഥാപിച്ച വാർഡ് ഉപയോഗിക്കുന്നുമില്ല. ഏതാനും വർഷങ്ങളായി മലയോര മേഖലയിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ കൂടിയ തോതിലാണ് റിപ്പോർട്ട് ചെയ്യുന്നത്. കിടത്തി ചികിത്സ ആവശ്യമുള്ളവരെ നിലമ്പൂരിലെ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.