കാളികാവിൽ വീണ്ടും മഞ്ഞപ്പിത്ത ഭീതി 20 പേർക്ക് രോഗം
text_fieldsകാളികാവ്: മലയോര മേഖലയിൽ ഇടവേളക്കുശേഷം വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പഞ്ചായത്തിലെ അടക്കാകുണ്ട് അടക്കം പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നുണ്ട്.
അടക്കാക്കുണ്ടിലെ വാഫി കോളജിലെ ഇരുപതോളം കുട്ടികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇതേതുടർന്ന് കോളജ് താൽക്കാലികമായി അടച്ചു. ഏതാനും മാസങ്ങളായി കാളികാവ് ചോക്കാട് മേഖലകളിലായി അമ്പതിലേറെ പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ കോളജ് കാമ്പസിൽ പരിശോധന നടത്തി. കിണറിലെ വെള്ളം പരിശോധനക്കയച്ചിട്ടുണ്ട്.
മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണം കണ്ടയുടനെ കോളജ് അധികൃതർ സ്വമേധയാ അടിയന്തിര നടപടി സ്വീകരിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതിനു മുമ്പു തന്നെ കോളജ് അടച്ചിടുകയും രോഗബാധ കണ്ടെത്തിയ കുട്ടികളെ അടിയന്തിരമായി വൈദ്യ പരിശോധനക്കും വിധേയമാക്കി. കാമ്പസ് പൂർണാമായും ശുചീകരിക്കുകയും കിണറും മറ്റു ജല സംഭരണിയും ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
രോഗബാധയുള്ള കുട്ടികളെ സ്വന്തം വീടുകളിലേക്ക് അയക്കുകയും ജീവനക്കാർക്ക് ആർക്കും രോഗബാധയില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഹോസ്റ്റൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ലഭിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം പടരുന്നത് തടയുന്നതിനായി കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.