ഏകാരോഗ്യം ഇന്ത്യ മുഴുവൻ; കാളികാവ് സി.എച്ച്.സി കെട്ടിടത്തിന് മഞ്ഞനിറം
text_fieldsകാളികാവ്: ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും ആരോഗ്യ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള ആയുഷ്മാൻ ആരോഗ്യമന്ദിർ പ്രവർത്തനം കാളികാവിലും പൂർത്തിയായി. ഇതിന്റെ ഭാഗമായി സി.എച്ച്.സിയിലെ ഒരു കെട്ടിടത്തിന് മഞ്ഞ പെയിന്റ് അടിക്കൽ പൂർത്തിയായി. ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യരംഗത്ത് മികച്ച സേവനവും ഏകതാ മനോഭാവവും വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2020-21 വർഷം കേന്ദ്രം തയാറാക്കിയ പദ്ധതിയിൽ മാസങ്ങൾക്ക് മുമ്പാണ് സംസ്ഥാന സർക്കാർ ചേർന്നത്. നേരത്തെ കേന്ദ്ര പദ്ധതിയോട് പുറംതിരിഞ്ഞുനിന്ന സംസ്ഥാന സർക്കാർ അവസാനം പദ്ധതിയുടെ ഭാഗമായി.
ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലെയും പി.എച്ച്.സി, എഫ്.എച്ച്.സി, സബ് സെൻറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ആയുഷ്മാൻ ആരോഗ്യ മന്ദിർ ഏകീകൃത ആരോഗ്യ പ്രവർത്തനം നടത്തുന്നത്. ഇതിന്റെ ഭാഗമായി എല്ലാ മെയിൻ സെന്ററുകൾക്കും ഏകീകൃത ബ്രാൻറ് ഡാർക്ക് മഞ്ഞനിറം പൂശണമെന്ന് കേന്ദ്രം നിർദേശിച്ചു. ഇതിനെതിരെ കേരളം എതിർപ്പുമായി രംഗത്ത് വന്നു.
ഇതോടെ നാഷണൽ ഹെൽത്ത് മിഷൻ വികസന ഫണ്ടുകൾക്കു പുറമെ ജീവനക്കാരുടെ ശമ്പളം പോലും മാസങ്ങളോളം തടയപ്പെടാൻ ഇടയാക്കി. ഒടുവിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് വഴങ്ങി.
ഇതോടെ വികസന ഫണ്ടുകളും എൻ.എച്ച്.എം ജീവനക്കാരുടെ ശമ്പളവും ലഭിച്ചു. മഞ്ഞ നിറം പൂശിയ ചുമരിൽ വൈദ്യശാസ്ത്രം, അമ്മയും കുഞ്ഞും, ചികിത്സാവബോധം തുടങ്ങി ആറ് കാര്യങ്ങളുടെ വർണ ചിത്രങ്ങളും വരക്കണം. ഇതിന്റെ ഭാഗമായി കാളികാവ് ആരോഗ്യ ബ്ലോക്കിനു കീഴിൽ മാത്രം രണ്ടു സെന്ററുകൾക്കായി 1.10 കോടി രൂപ എൻ.എച്ച്.എം ഫണ്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
കാളികാവ് സി.എച്ച്.സിക്ക് കീഴിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരിൽ 60 ഗതമാനത്തോളം പേരും എൻ. എച്ച്.എം ഫണ്ടിൽനിന്നാണ് ശമ്പളം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.