കാളികാവ് സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കണമെന്ന് ആവശ്യം
text_fieldsകാളികാവ്: സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കി ഉയർന്നമെന്ന് ആവശ്യം ശക്തമായി. ഹെൽത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനമെന്ന നിലയിൽ കാളികാവിന് പ്രത്യേക പരിഗണ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ദിനേന രാവിലെയും വൈകീട്ടുമായി രണ്ടു നേരത്തേ ഒ.പിയിൽ എണ്ണൂറോളം പേരാണ് ചികിത്സ തേടിയെത്തുന്നത്. രാവിലെയുള്ള ഒ.പി സമയത്ത് സി.എച്ച്.സിയിൽ നിന്നുതിരിയാനിടമില്ലാത്ത അവസ്ഥയാണ്. നിലവിൽ അഞ്ച് സ്ഥിരം ഡോക്ടർമാരും മൂന്നു താൽകാലിക ഡോക്ടർമാരുമാണ് ഇവിടെയുള്ളത്.
പകർച്ചവ്യാധിയുമായി ആശുപത്രിയിലെത്തുന്നവർ മറ്റുള്ളവർക്കു കൂടി രോഗം പരത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒ.പി ടിക്കറ്റ് കൗണ്ടറും ഫാർമസിയും ഡോക്ടർമാരുടെ പരിശോധന മുറിയും എല്ലാം ഒരു ഇടുങ്ങിയ സ്ഥലത്താണുള്ളത്.
കാളികാവ്, ചോക്കാട്, കരുവാരകുണ്ട്, തുവ്വൂർ എന്നീ നാലു പഞ്ചായത്തുകളിൽനിന്നാണ് ഇവിടെ രോഗികളെത്തുന്നത്. എൻ.എച്ച്.എം, എം.എൽ.എ ഫണ്ട്, ബ്ലോക്ക് ഫണ്ട് എന്നിവയിൽ നിന്ന് വർഷന്തോറും ലക്ഷങ്ങളുടെ ഫണ്ട് ഇവിടെ വിനിയോഗിക്കുന്നുണ്ട്. എന്നാൽ, അതിന്റെ ഗുണം നാട്ടുകാർക്ക് ലഭിക്കുന്നില്ല എന്നാണ് പരാതി. കാളികാവ് സി.എച്ച്. സിയുടെ സമഗ്ര വികസനത്തിനും ചികിത്സാ സൗകര്യത്തിനുമായി ഒരു മാസ്റ്റർപ്ലാൻ തയാറാക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന എച്ച്.എം.സി യോഗത്തിൽ ആവശ്യമുയർന്നു.
നേരത്തേ പ്രസവ ചികിത്സവരെ നടന്നിരുന്ന ഇവിടെ നാല് മടങ്ങു കെട്ടിട വികസനം നടന്നിട്ടും ഒ.പി പരിശോധനയാണ് പ്രധാനമായും നടക്കുന്നത്.
അതിനിടെ ആശുപത്രിയുടെ പഴയ രണ്ടുകെട്ടിടങ്ങളും പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയാനുള്ള നീക്കത്തിനെതിരെ എച്ച്.എം.സിയിൽ എതിർപ്പുണ്ടായി. ഇനി മാസ്റ്റർപ്ലാൻ തയാറാക്കാതെയുള്ള വികസന പ്രവർത്തനം നടത്തരുതെന്ന് എച്ച്.എം.സി അംഗം തെന്നാടൻ അബ്ദുറഹിമാൻ രേഖാമൂലം കത്തിലൂടെ ആവശ്യപ്പെട്ടു.
വികസനം വെറും കെട്ടിട നിർമാണത്തിലൊതുക്കാതെ കൂടുതൽ മികച്ച സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. താലൂക്ക് ആശുപത്രിയാക്കി ഉയർത്തുകയാണ് ചികിത്സ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.