കലക്ടറുടെ നിർദേശവും നടപ്പായില്ല; ഇരുട്ടിൽനിന്ന് മോചനമില്ലാതെ ആദിവാസി കുടുംബം
text_fieldsകാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിലെ വൃക്കരോഗിയായ മാതൻകുട്ടിക്കും ഭാര്യ ചാത്തിക്കും ഇരുട്ടിൽനിന്ന് മോചനമായില്ല. മൂന്നുവർഷം മുമ്പ് വിച്ഛേദിച്ച ഇവരുടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണമെന്ന ജില്ല കലക്ടറുടെ നിർദേശവും നടപ്പായില്ല. മാതൻകുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിൽ കഴിയുന്നത്.
രോഗിയായതോടെ ജോലിക്കുപോവാൻ പറ്റാത്തതിനാൽ വൈദ്യുതി ബിൽ അടക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കെ.എസ്.ഇ.ബി അധികൃതർ ഫ്യൂസ് ഊരിപ്പോവുകയായിരുന്നു. ആദിവാസികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യാൻ ആഗസ്റ്റ് 15ന് ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ കോളനി സന്ദർശിച്ചിരുന്നു. അന്ന് മാതൻകുട്ടിയുടെ ദുരിതം കണ്ടറിയുകയും വൈദ്യുതി വിച്ഛേദിച്ച വിവരമറിഞ്ഞ കലക്ടർ ഉടൻ പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതുവരെ വെളിച്ചമെത്തിയിട്ടില്ല. മൂന്നു വർഷത്തോളമായി വൃക്കരോഗിയായ മാതൻകുട്ടി മൂത്ര സഞ്ചിയും വഹിച്ചാണ് ജീവിക്കുന്നത്. നേരം ഇരുട്ടിയാൽ കാട്ടാനക്കൂട്ടം ഇറങ്ങുന്ന ഇവിടെ ഭീതിയോടെയാണ് കുടുംബങ്ങൾ കഴിയുന്നത്. ഒരു തെരുവുവിളക്ക് പോലും സ്ഥാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.