കടുവ,കാട്ടുപന്നി...വന്യമൃഗ ഭീതിയിൽ മലയോരം
text_fieldsകാട്ടുപന്നി ആക്രമണം വീണ്ടും; രണ്ടുപേർക്ക് പരിക്ക്
കാളികാവ്: കറുത്തേനി കീപ്പടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. കീപ്പടയിലെ പിലാക്കൽ ഫൈസൽ, മോയിക്കൽ മൊയ്തീൻ കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ഏഴര മണിയോടെയാണ് സംഭവം. കറുത്തേനിയിൽനിന്ന് ബൈക്കിൽ പോവുകയായിരുന്ന ഇവരെ പന്നി കുത്തിവീഴ്ത്തുകയായിരുന്നു. ഫൈസലിന് ഇരുകാലുകൾക്കും മൊയ്തീൻ കുട്ടിക്ക് ചുണ്ടിനും കൈക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച തന്നെ രാവിലെ അഞ്ചച്ചവിടി മുച്ചിക്കലുള്ള രണ്ടു കടകളും പന്നി തകർത്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ മാത്രം പത്തോളം പേരാണ് പന്നിയാക്രമണത്തിന് ഇരയായത്.
പരിക്കേറ്റവരെ എം.എൽ.എ സന്ദർശിച്ചു
കാളികാവ്: കറുത്തേനി കീപ്പടയിൽ കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റവരെ എ.പി. അനിൽകുമാർ എം.എൽ.എ സന്ദർശിച്ചു. ലാക്കൽ ഫൈസൽ, മോയിക്കൽ മൊയ്തീൻ കുട്ടി എന്നിവരുടെ വീടാണ് സന്ദർശിച്ചത്.
ചൊവ്വാഴ്ച പന്നിയുടെ ആക്രമണത്തിൽ തകർന്ന മൂച്ചിക്കലിലെ കടകളും എം.എൽ.എ സന്ദർശിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും കൃഷി നാശം സംഭവിക്കുന്നവർക്കും അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു.
ജിംഷാദ് അഞ്ചച്ചവിടി, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി തങ്ങൾ ശിഹാബ്, മോയിക്കൽ മോട്ടോഴ്സ് എം.ഡി ബാപ്പുട്ടി തുടങ്ങിയവർ എം.എൽ.എക്ക് ഒപ്പമുണ്ടായിരുന്നു.
കൂട് അവഗണിച്ച് കടുവ; പന്നിയുടെ ജഡം തിന്നുതീർത്തു
കരുവാരകുണ്ട്: പാന്ത്ര അറുപതേക്കർ എസ്റ്റേറ്റിൽ ചൊവ്വാഴ്ച രാത്രിയിലും കടുവയെത്തി. വനംവകുപ്പ് വെച്ച കൂടിനെയും അതിനകത്തെ ആടിനെയും അവഗണിച്ച കടുവ കഴിഞ്ഞ ദിവസം വേട്ടയാടി ഉപേക്ഷിച്ച പന്നിയുടെ ജഡം പൂർണമായി ഭക്ഷിക്കുകയും ചെയ്തു. പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച പന്നിയുടെ ജഡം തേടി കടുവയെത്തുമെന്ന പ്രതീക്ഷയിലാണ് അതിനടുത്ത് തന്നെ ആടിനെ ഇരയാക്കി കൂട് വെച്ചത്. കടുവയെ ആദ്യം കണ്ട കുണ്ടോടയിലും വനപാലകർ ഇതേ പരീക്ഷണമാണ് നടത്തിയിരുന്നത്.
എന്നാൽ അവിടെയും കൂടിനടുത്ത് വരെ കടുവ എത്തിയെങ്കിലും ഇരയായ ആടിനെ പിടിക്കാൻ ശ്രമിച്ചിട്ടില്ല. എസ്റ്റേറ്റിൽ കാടും പാറക്കൂട്ടവുമുള്ളതാണ് കടുവക്ക് സഹായമാകുന്നത്. പകൽ പാറക്കൂട്ടത്തിൽ ഒളിച്ചിരിക്കുകയാവാം ചെയ്യുന്നത് എന്ന് സംശയിക്കുന്നു.കടുവ ഭീതി നിലനിൽക്കുന്നതിനാൽ ഈ ഭാഗത്ത് ടാപ്പിങ് പൂർണമായും മുടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.