മന്ത്രി നിർദേശിച്ചിട്ടും വെള്ളന്റെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാതെ കെ.എസ്.ഇ.ബി
text_fieldsകാളികാവ്: അദാലത്തിൽ മന്ത്രി നിർദേശിച്ചിട്ടും വെള്ളന്റെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാതെ കെ.എസ്.ഇ.ബി. ചോക്കാട് നെല്ലിയാംപാടം ആദിവാസി കോളനിയിലെ രോഗികളായ ചെറിയ വെള്ളനും ഭാര്യ ചന്ദ്രികയും നാലുമക്കളുമടങ്ങുന്ന കുടുംബത്തോടുമാണ് കെ.എസ്.ഇ.ബി വൈദ്യുതി നൽകാതെ ക്രൂരത കാട്ടുന്നത്. ഇവരുടെ വീടിനുണ്ടായിരുന്ന വൈദ്യുതി കണക്ഷൻ ഊരിമാറ്റിയിട്ട് ഒരുവർഷം കഴിഞ്ഞു.
രണ്ടുമാസം മുമ്പ് നിലമ്പൂരിൽ മന്ത്രിമാരായ വി. അബ്ദുറഹിമാൻ, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കണക്ഷൻ പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയത്.
ഇതേ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെള്ളന്റെ വീട്ടിലെത്തി പരിശോധന നടത്തി പഴയ വയറിങ് മാറ്റി പുതിയത് സ്ഥാപിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഐ.ടി.ഡി.പി, വാർഡ് അംഗം എന്നിവരുടെ സഹായത്തോടെ വയറിങ് മാറ്റി ഒരുമാസം കഴിഞ്ഞിട്ടും കെ.എസ്.ഇ.ബിക്ക് അനക്കമില്ല. നേരത്തേ വൈദ്യുതി ബിൽ കുടിശ്ശികയുണ്ടെന്ന് കാണിച്ചാണ് അധികൃതർ ഇവരുടെ ഫ്യൂസ് ഊരിയത്. പ്ലസ് ടു, പത്ത്, എട്ട്, നാല് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് ഈ വീട്ടിലുള്ളത്. ഫ്യൂസ് ഊരിയ നടപടി ഇവരുടെ പഠനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വർഷങ്ങളായി രോഗികളാണ് വെള്ളനും ചന്ദ്രികയും. വാർധക്യ പെൻഷനല്ലാത്ത മറ്റൊരു വരുമാനവും ഇവർക്കില്ല. അതിനിടെ കഴിഞ്ഞ ദിവസം വാർഡ് അംഗം കെ.ടി. സലീന വെള്ളനെയും കൂട്ടി ജില്ല കലക്ടറെ കണ്ട് പരാതി നൽകിയിട്ടുണ്ട്. കുടിശ്ശിക തീർക്കാതെ കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി തയാറാകുന്നില്ല എന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.