റാവുത്തൻകാട് കുന്നിൽ വീണ്ടും പുലി; ജനം ഭീതിയിൽ
text_fieldsകാളികാവ്: അടക്കാക്കുണ്ട് റാവുത്തൻകാട് കുട്ടിക്കുന്നിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. ഒരാടിനെ കടിച്ചുകൊണ്ടുപോയി. ആട്ടുപുരക്കൽ രവീന്ദ്രന്റെ ആടിനെ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കൊണ്ടുപോയത്. ഇതോടെ രണ്ട് ദിവസത്തിനിടെ മൂന്നാടുകളെയാണ് പുലി പിടിച്ചത്. രവീന്ദ്രന്റെ ആടിനെയും പകൽ സമയത്താണ് പിടിച്ചത്.
ജനവാസ മേഖലയിൽ നിന്ന് വളർത്തുമൃഗങ്ങളെ പുലി പിടിക്കുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്. അടക്കാക്കുണ്ട് മൈലാടിയിലെ പതിനാലിൽ ജോസിന്റെ രണ്ടാടുകളെ കഴിഞ്ഞ ദിവസം പുലി കൊന്നിരുന്നു. ഇതിൽ ഒന്നിനെ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രവീന്ദ്രന്റെ ഏഴ് ആടുകളെയും പതിനാലിൽ ജോസിന്റെ മൂന്നാടുകളെയും മറ്റൊരു കർഷകനായ ഷരീഫിന്റെ ആറ് ആടുകളയും പുലി കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞദിവസത്തെ സംഭവത്തെതുടർന്ന് പ്രദേശത്ത് വനംവകുപ്പ് മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പുലിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി വനം വകുപ്പ് അധികൃതർ സ്ഥലത്ത് കാമറ സ്ഥാപിച്ചു. കാമറയിൽ പതിയുന്ന ജീവിയുടെ വിവരമനുസരിച്ച് കെണി സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. കർഷകരുടെ ആശങ്കയകറ്റാനും നഷ്ട പരിഹാരം ലഭ്യമാക്കാനും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ യു. സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.