ഉണ്ണിക്കുട്ടനു വേണ്ടി ഉദരംപൊയിലിൽ പന്തുരുണ്ടു പിരിഞ്ഞുകിട്ടിയത് ഒന്നേമുക്കാൽ ലക്ഷം
text_fieldsകാളികാവ്: ഉണ്ണിക്കുട്ടനു വേണ്ടി ഉദരംപൊയിലിൽ പന്തുരുണ്ട് പിരിഞ്ഞുകിട്ടിയത് ഒന്നേമുക്കാൽ ലക്ഷം. ഉദരംപൊയിൽ മോണിങ് സ്റ്റാർ ഫുട്ബാൾ ടൂർണമെന്റാണ് നാടിന് മാതൃകയാകുന്നത്. തുക മൈതാനിയിൽ വെച്ച് ടൂർണമെന്റ് ഭാരവാഹികൾ കൈമാറി.
ഉദരംപൊയിൽ പ്രദേശത്തെ ചന്ദ്രൻ വൈദ്യരുടെ മകൻ അരവിന്ദ് എന്ന ഉണ്ണികുട്ടന്റെ (25) ഹൃദയ വാൽവ് സംബന്ധമായ സർജറിക്കാവശ്യമായ തുകയിലേക്കാണ് ഒന്നേമുക്കാൽ ലക്ഷം രൂപ മോണിങ് സ്റ്റാർ ക്ലബ് കൈമാറിയത്. കോവിഡിന്റെ മൂന്നാം തരംഗത്തിൽ നിർത്തിവെച്ച കളി പുനരാരംഭിച്ചപ്പോൾ വളരെ ആവേശപൂർവമാണ് മലയോര നാട് ഏറ്റെടുത്തത്. മാളിയേക്കലും മഞ്ഞപ്പെട്ടിയും തമ്മിൽ നടന്ന മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി. 38 വർഷക്കാലമായി ഉദരംപൊയിൽ പ്രദേശത്തിന് താങ്ങും തണലുമായ മോണിങ് സ്റ്റാർ സ്പോർട്സ്, ആർട്സ് ക്ലബിന്റെ ഒട്ടനവധി ജീവ കാരുണ്യപ്രവർത്തനങ്ങൾക്ക് പ്രദേശം ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 22ാമത് ജരീർ -ഷംസു മെമ്മോറിയൽ ഫ്ലഡ്ലിറ്റ് ടൂർണമെന്റിന് തുടക്കം കുറിച്ചപ്പോൾതന്നെ ക്ലബ് ഉണ്ണിക്കുട്ടനെ സഹായിക്കാൻ തീരുമാനിച്ചിരുന്നു. ആ തീരുമാനം പ്രാവർത്തികമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും. അദ്ദേഹത്തിന്റെ സർജറിയും അനുബന്ധ ചികിത്സകളും വിജയകരമായി പൂർത്തിയായിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ വി. അൻഷാബ്, മറ്റു ഭാരവാഹികളായ തെന്നാടൻ നാസർ, ഇ. ഇസ്ഹാഖ്, കെ. അബ്ദുൽ ഗഫൂർ, ഒ.പി. അസീസ്, സി. റനീം, കെ. മുജീബ്, സി.കെ. റഷീദ്, പി.ടി. യൂനുസ്, എം. നൗഫൽ, കെ. ശങ്കരൻ, വി.എം. മനാഫ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.