വീടുപണി വീണ്ടും മുടങ്ങുമോ ?
text_fieldsകാളികാവ്: നിരന്തര സമർദങ്ങളെ തുടർന്ന് അനുവദിച്ച ചോക്കാട് ചിങ്കക്കല്ല് ആദിവാസികളുടെ വീടുപണി വീണ്ടും മുടങ്ങുമോ എന്ന് ആശങ്ക. ആദിവാസി വീടുകൾക്ക് ഫണ്ടനുവദിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം തുടങ്ങാനായില്ല. നേരത്തെ നിർമിച്ച തറയിൽ മണ്ണ് നിറക്കാൻ കഴിയാത്തതാണ് കാരണം. ചിങ്കക്കല്ല് ആദിവാസി നഗറിലെ ഗീതയുടെയും സരോജിനിയുടെയും വീട് നിർമാണമാണ് തുടങ്ങാൻ കഴിയാത്തത്. ഒമ്പതുവർഷത്തെ കാത്തിരുപ്പിനൊടുവിലാണ് 5.10ലക്ഷം രൂപ വീതം വീടുകൾക്ക് അനുവദിച്ചത്. ഒമ്പതു വർഷം മുമ്പാണ് വീടു പണി തുടങ്ങിയത്.
വീട് നിർമിക്കുന്നത് വനഭൂമിയിലാണെന്ന് പറഞ്ഞ് വനംവകുപ്പ് അന്ന് നിർമാണം തടഞ്ഞു. എന്നാൽ അന്ന് തറനിർമാണം പൂർത്തിയായിരുന്നു. കുറച്ച് മണ്ണ് നിറക്കാൻ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഒമ്പതു വർഷത്തിനുശേഷം നിർമാണാനുമതി ലഭിക്കുകയും ഫണ്ടനുവദിക്കുയും ചെയ്തു. എന്നാൽ തറയിൽ മണ്ണ് നിറക്കാൻ ബാക്കിയുള്ളത് പൂർത്തിയാക്കാത്തതിനാൽ വീടുനിർമാണം തുടങ്ങാൻ കഴിയുന്നില്ല.
തറയിലേക്കാവശ്യമുള്ള മണ്ണ് പുറമെനിന്ന് കൊണ്ടു വരാനോ വനഭൂമിയിൽനിന്ന് എടുക്കാനോ ആദിവാസികൾക്ക് സ്വന്തമായി കഴിയുന്നില്ല. അതാണ് നിലവിലെ പ്രശ്നം. വനഭൂമിയിലേക്ക് മണ്ണുമാന്തി യന്ത്രത്തെ കൊണ്ടുവരാനും പുറത്തുനിന്ന് ലോറിയിൽ മണ്ണു കൊണ്ടുവരാനും നിയമ തടസ്സങ്ങളുണ്ട്.
ഐ.ടി.ഡി.പിയോ പഞ്ചായത്ത് അധികൃതയോ സന്നദ്ധ സംഘടനകളോ മുന്നിട്ടിറങ്ങിയാലേ ഇനി വീടുപണി തുടങ്ങാൻ കഴിയുകയുള്ളൂ. വീടിന് അനുവദിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കാതെ പോയാൽ ഫണ്ട് നഷ്ടപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വീടിനായി നിർമിച്ച തറയോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ ഷെഡിലാണ് ഗീതയും മക്കളും കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.