നാസർ: വിടപറഞ്ഞത് കാളികാവ് ഫ്രണ്ട്സിന്റെ ആദ്യകാല സെവൻസ് താരം
text_fieldsകാളികാവ്: എൺപതുകളിൽ കാളികാവ് സെവൻസ് ഫുട്ബാൾ ടീമിന്റെ കരുത്തുറ്റ കളിക്കാരിലൊരാളായിരുന്നു ബുധനാഴ്ച നിര്യാതനായ കുരിക്കൾ അബ്ദുൽ നാസർ. അക്കാലത്ത് ജില്ലക്കകത്തും പുറത്തും സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളിൽ ആധിപത്യം പുലർത്തിയിരുന്ന കാളികാവ് ഫ്രണ്ട്സ് ടീമിൽ മധ്യനിരയിലും പ്രതിരോധത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചായിരുന്നു നാസർ ടീമിൽ നിറസാന്നിധ്യമായിരുന്നത്.
കാളികാവ് അമ്പലക്കുന്ന് മൈതാനിയിൽ ഫ്രണ്ട്സ് ക്ലബിന്റെ സെവൻസ് കളരിയിൽ നിന്ന് കളി പരിശീലിച്ച നാസർ തുടർന്നുള്ള കാലം നിരവധി ടൂർണമെൻറുകളിൽ കാൽപന്ത് കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.കാളികാവിലെ ആദ്യ കളിക്കാരായ ശങ്കരൻ, അലവിക്കുട്ടി, ഖാലിദ്, മുഹമ്മദ്, യൂസഫ്, ഇബ്രാഹിം, ഹമീദ്, സഹീർ, മധു, വെങ്കിട്ടരാമൻ, കെ.കെ. ഹംസ, അസീസ് തുടങ്ങിയവർക്കൊപ്പം ജില്ലയിലുടനീളം നിരവധി മൈതാനങ്ങളിൽ കാൽപന്ത് പ്രകടനം കാഴ്ചവെച്ചു.
പ്രാദേശിക ഫുട്ബാൾ ടൂർണമെന്റുകളിലും കാളികാവിലെ വിവിധ ക്ലബുകൾക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. പ്രവാസ ജീവിതത്തിലേക്ക് നീങ്ങിയതോടെ ഫുട്ബാളിനോട് വിട പറയുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകീട്ട് മൃതദേഹം കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.