ഒാർമകളുടെ ചില്ലലമാരയിൽ തിളക്കം മായാതെ ആ സൈനിക വേഷം, ജവാൻ നാസറിെൻറ ഓര്‍മകളുമായി മാതാവ് ഫാത്തിമ സുഹറ
text_fieldsകാളികാവ്: 22 വർഷം മുമ്പ് മഴ തിമിർത്തുപെയ്യുന്ന ജൂലൈയിലെ ഒരു ചൊവ്വാഴ്ചയാണ് ഫാത്തിമ സുഹ്റയുടെ ഉള്ളുലച്ച് മകൻ ജവാൻ നാസറിെൻറ ഭൗതിക ശരീരം ചെങ്കോട് പൂതൻകോട് വീട്ടുമുറ്റത്തെത്തുന്നത്. രാജ്യത്തിനായി സമർപ്പിച്ച മകെൻറ വിയോഗം മാതാവിനും കുടുംബത്തിനും ഇന്നും അണയാത്ത ഓർമകളാണ്. സൈന്യത്തിൽ ചേര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞ് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങുമ്പോള്‍ അടുത്ത വരവിന് വിവാഹം നടത്താമെന്ന് ഉറപ്പുനല്‍കി പോയതായിരുന്നു 23കാരനായ നാസര്‍. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ചേതനയറ്റ വീട്ടില്‍ എത്തിയത്. പഠനത്തില്‍ മിടുക്കനായിരുന്നു നാസര്‍.
പത്താംക്ലാസ് ഡിസ്റ്റിങ്ഷനോടെ ജയിച്ച ശേഷം ഉപരിപഠനത്തിലായിരുന്നു. മലപ്പുറം ജില്ല യൂത്ത് ഹോസ്റ്റല്‍ അംഗമായിരുന്ന ഇദ്ദേഹത്തിന് ഏറെ ഇഷ്ടം വായനയും ട്രക്കിങ്ങുമായിരുന്നു.
ട്രക്കിങ്ങിലൂടെ സംസ്ഥാനത്തേയും അയല്‍സംസ്ഥാനങ്ങളിലേയും മലമടക്കുകളും പര്വതക്കെട്ടുകളും കടന്ന് സഞ്ചരിച്ച നാസര്‍ രാജ്യരക്ഷക്കായി സൈനികസേവനം നടത്തുന്ന മോഹം ഉള്ളില്‍ സൂക്ഷിച്ചുപോന്നു. ഉമ്മയുടെ പാതി സമ്മതത്തോടെ ഒടുവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേർന്നു.
ഹവില്‍ദാര്‍ ക്ലര്‍ക്കായി മധ്യപ്രദേശിലെ ജബല്‍പുരിലായിരുന്നു ആദ്യ നിയമനം. പിന്നീട് അവധി കഴിഞ്ഞ് സൈനിക ക്യാമ്പില്‍ തിരിച്ചെത്തി അധികം കഴിയും മുമ്പേ കാര്‍ഗിലിലെ പാക് നുഴഞ്ഞുകയറ്റം വാര്‍ത്തകളില്‍ നിറഞ്ഞുതുടങ്ങി. അതോടെ സുഹറയുടെയും കുടുംബത്തിെൻറയും ഉള്ളില്‍ തീ കനത്തു. ഓപറേഷന് വിജയ് എന്ന് നാമകരണം ചെയ്ത യുദ്ധത്തിനായി കാര്‍ഗിലിലെ ദ്രാസിലായിരുന്നു ഇന്ത്യന്‍ സൈനിക ക്യാമ്പ് ഒരുക്കിയിരുന്നത്. അവിടേക്കാണ് നാസര്‍ അടക്കമുള്ളവരെ നിയോഗിച്ചത്. ബങ്കറുകളില്‍നിന്ന് ആക്രമണവും പ്രതിരോധവും തീര്ത്തുപോരുന്നതിനിടെ പാക് സേനയുടെ ഷെല്ലാക്രമണത്തിൽ നാസര്‍ വീരമൃത്യു വരിച്ചു. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞാണ് നാട്ടിൽ മരണ വാര്‍ത്ത എത്തുന്നത്.
കുടുംബനാഥനായ മുഹമ്മദ് അസുഖംമൂലം മരിച്ചതിെൻറ ദുഃഖത്തില്‍നിന്ന് പതിയെ മോചിതമായിത്തുടങ്ങിയ സുഹറക്കും മക്കള്‍ക്കും മകെൻറ വേര്‍പാട് തീരാവേദനയാണ് നല്‍കിയതെങ്കിലും രാജ്യസ്നേഹിയായ മകനെ ഓര്‍ക്കാന്‍ അഭിമാനമാണുള്ളത്. വീരമൃത്യു വരിക്കുമ്പോള്‍ മകന് ധരിച്ച സൈനിക വേഷങ്ങളും മറ്റു സാമഗ്രികളുമെല്ലാം വീട്ടിലെ ചില്ലലമാരയിൽ അമൂല്യനിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് ഫാത്തിമ സുഹറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.